‘കഞ്ചാവ് വേണ്ട, ഹാഷിഷ് മതി’: ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്

 ‘കഞ്ചാവ് വേണ്ട, ഹാഷിഷ് മതി’: ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മുൻനിര താരങ്ങളിലേക്ക്. ബോളിവുഡ് നായികനടിമാരായ ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിബി നോട്ടീസ് നൽകി.

ദീപികയോട് വെള്ളിയാഴ്ചയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നടിമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി  ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപികയും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നു.

ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള നടി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാനുളള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.