സുഹൃത്തിന്റെ ആത്മഹത്യ ഫെയ്സ്ബുക്കിൽ ലൈവ്, രക്ഷിക്കാൻ ആരും വന്നില്ല; ‘എവിടെയോ കുഴപ്പ’മുണ്ടെന്ന് ജോഷ് സ്റ്റീന്‍

മൂന്നാഴ്ച്ചകള്‍ക്ക് മുൻപാണ് ജോഷ് സ്റ്റീന്‍ തന്റെ അടുത്ത സുഹൃത്തായ റോണി മക്‌നട്ട് ആത്മഹത്യ ചെയ്യുന്നത് ഫെയ്സ്ബുക്കില്‍ തല്‍സമയം കണ്ടത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഈ സംഭവത്തിനുശേഷവും ആ ദൃശ്യങ്ങള്‍ ഫെയ്സ്ബുക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത് ഞെട്ടലോടെയാണ് ജോഷ് സ്റ്റീന്‍ തിരിച്ചറിഞ്ഞത്. ഇതോടെ ഈ സോഷ്യല്‍മീഡിയ വെബ് സൈറ്റുകള്‍ക്കെതിരെ പോരാട്ടം നടത്താന്‍ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു.
‘കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പരിചിതമായ മുഖങ്ങളിലൊന്നായി റോണി മാറിയിരിക്കുകയാണ്. ഇതുപോലുള്ള ഉള്ളടക്കങ്ങള്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഫെയ്സ്ബുക് അടക്കമുള്ള കമ്പനികള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അത് സംഭവിക്കുന്നില്ല. എവിടെയോ കുഴപ്പമുണ്ടെന്നും ജോഷ് സ്റ്റീന്‍ പറയുന്നു.
റോണി ഫെയ്സ്ബുക് ലൈവില്‍ ആത്മഹത്യ ചെയ്യുന്നതിന് അരമണിക്കൂര്‍ മുൻപ് തന്നെ ജോഷ് സ്റ്റീന്‍ ഈ വിഡിയോ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, റോണി ലൈവില്‍ ആത്മഹത്യ ചെയ്ത് ഒന്നര മണിക്കൂറിന് ശേഷവും ലൈവ് വിഡിയോ തങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഫെയ്സ്ബുക് അധികൃതര്‍ നല്‍കിയത്.
ഫെയ്സ്ബുക്കിന് റോണിയുടെ വിഡിയോ തടസപ്പെടുത്താന്‍ കൃത്യമായ അവസരമുണ്ടായിട്ടും അവരതിന് മുതിര്‍ന്നില്ലെന്നതാണ് ജോഷ് സ്റ്റീനിന്റെ പ്രധാന ആരോപണം. ഫെയ്സ്ബുക് അതിന് മുതിര്‍ന്നാല്‍ പോലും തന്റെ സുഹൃത്ത് ചിലപ്പോള്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും അങ്ങനെയൊരു വിഡിയോ ഇന്റര്‍നെറ്റ് മുഴുവന്‍ പരക്കില്ലായിരുന്നുവെന്ന് ജോഷ് സ്റ്റീന്‍ ഓര്‍മിപ്പിക്കുന്നു.
33കാരനായ വിമുക്ത ഭടനായിരുന്നു ആത്മഹത്യ ചെയ്ത റോണി മക്‌നട്ട്. ഇറാക്കില്‍ അടക്കം സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം പോസ്റ്റ് ട്രൊമാട്ടിക് സ്‌ട്രെസ് ഡിസോഡര്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപേയിരുന്നത്. നേരത്തെയും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക് ലൈവിലൂടെ അവതരിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു.
അടുത്തിടെ കാമുകിയുമായി പിരിഞ്ഞ റോണി ആത്മഹത്യ ചെയ്ത രാത്രിയില്‍ അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. അന്നത്തെ ഫെയ്സ്ബുക് ലൈവിനിടെ ആത്മഹത്യയെക്കുറിച്ചാണ് റോണി പറഞ്ഞിരുന്നത്. റോണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചവരോടെല്ലാം അയാള്‍ വഴക്കിടുകയും ചെയ്തു. ഫെയ്സ്ബുക് ലൈവിനിടെ ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുന്നൂറിലേറെ പേര്‍ അത് തല്‍സമയം കാണുന്നുണ്ടായിരുന്നു.
റോണി മക്‌നട്ടിന്റെ ആത്മഹത്യക്ക് ശേഷം ആ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ആദ്യം സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ റോണിയുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പും ഉണ്ടായിരുന്നു. ഈ കുറിപ്പില്‍ കാര്യമായ സത്യങ്ങളൊന്നുമില്ലായിരുന്നെങ്കിലും വിഡിയോ വൈറലാകാന്‍ സഹായിക്കുകയാണുണ്ടായതെന്നും സ്റ്റീന്‍ പറയുന്നു.
മക്‌നട്ടിന്റെ ഫെയ്സ്ബുക് പേജില്‍ പിന്നീട് പലരും കമന്റുകള്‍ ഇടുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഇതില്‍ പലതും മക്‌നട്ടിനെ അധിക്ഷേപിക്കും വിധമായതിനാല്‍ അവ സ്റ്റീന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇവിടെയും അക്കൗണ്ട് ഉടമയല്ലാത്തതിനാല്‍ കമന്റുകള്‍ നീക്കം ചെയ്യില്ലെന്ന മറുപടിയാണ് ഫെയ്സ്ബുക് നല്‍കിയത്.
ഫെയ്സ്ബുക്കില്‍ അടക്കം വൈകാതെ റോണിയെ അനുസ്മരിക്കുന്ന പേജുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സംഭവത്തിന്റെ ജനപ്രീതി മുതലാക്കുകയെന്നതായിരുന്നു അതില്‍ പലതിന്റെയും ലക്ഷ്യം. റോണിയുടെ കുടുംബത്തിന്റെ അനുമതി ആരും വാങ്ങിയിരുന്നുമില്ല. ടിക് ടോക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും റോണി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് ജോഷ് സ്റ്റീന്‍ സുഹൃത്ത് റോണിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിക്കുന്നത്.