ഇപ്പോൾ തന്നെ വരണമെന്ന് കാമുകിയുടെ സന്ദേശം, വിശ്വസിച്ച് പുറപ്പെട്ട പ്രണവ് എത്തിയത് മരണത്തിലേക്ക്; കാമുകിയുടെ പേരിൽ ചാറ്റ് ചെയ്ത് പുറത്തെത്തിച്ച് അടിച്ച് കൊന്നത് ശീമക്കൊന്നയുടെ വടികൊണ്ട്

കൊച്ചി: ചെറായിയിൽ അടിയേറ്റു മരിച്ച പ്രണവ് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്.
എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെൺകുട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കേണ്ട എന്നതിനാൽ യുവതിയുടെ പേരിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണർത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രതികളും മരിച്ച പ്രണവുമെല്ലാം നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്. കാമുകി ആവശ്യപ്പെട്ടതനുസരിച്ച് ഇറങ്ങി വന്ന പ്രണവിനെ കാത്തുനിന്ന സംഘം ശീമക്കൊന്നയുടെ വടി ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. തലയ്ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം.
ഇപ്പോൾ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജിൽ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാൾ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ പ്രതികൾ യുവതിയുടെ പേരിൽ നിർമിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് ക്രിമിനൽ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.