പീച്ചി അണക്കെട്ട് തുറന്നപ്പോൾ സംഭവിച്ചത്; ആശങ്കയുടെ മണിക്കൂറുകൾ, പരിഭ്രാന്തിക്കിടയാക്കിയ സംഭവ വികാസങ്ങളിങ്ങനെ ..

പീച്ചി :പീച്ചി അണക്കെട്ട് തുറന്നപ്പോൾ ശക്തമായ വെള്ളമൊഴുക്കിനു പിന്നാലെ ഡാമിൽ സ്ലൂസിനുള്ളിലെ വാൽവ് തള്ളിപ്പോയി. വാൽവിനുള്ളിലെ ഷട്ടർ തകർന്നു നിയന്ത്രണാതീതമായി വെള്ളം പ്രവഹിച്ചതോടെ വൈദ്യുതോൽപാദന കേന്ദ്രം ഭീഷണിയിലായി.
അണക്കെട്ടിൽ നിന്നു വൈദ്യുതോൽപാദന കേന്ദ്രത്തിലേക്കു വെള്ളമെത്തുന്ന വാൽവിനുള്ളിലെ ഷട്ടറാണു തകർന്നത്. വൈദ്യുത കേന്ദ്രത്തിന്റെ പ്രവർത്തനത്തിനു ഭീഷണിയാകുന്ന വിധം അതിശക്തമായി വെള്ളമൊഴുക്കു തുടർന്നു.
പരിഭ്രാന്തിക്കിടയാക്കിയ സംഭവവികാസങ്ങളിങ്ങനെ
ഉച്ചകഴിഞ്ഞ് 3.12: വൈദ്യുതോൽപാദനം സുഗമമായി നടക്കുന്നതിനിടെ പ്ലാന്റിന്റെ ഭാഗത്തെ ഷട്ടർ ജലപ്രവാഹത്തിൽ തള്ളിപ്പോയി. അണക്കെട്ടിന്റെ വടക്കുഭാഗത്തെ ജംക്‌ഷൻ കെട്ടിടത്തിലൂടെയാണു ഡാമിലെ വെള്ളം കനാലിലേക്കും പവർ പ്ലാന്റിലേക്കും എത്തിക്കുന്നത്.
∙ 3.15: ജനറേറ്റർ ഓഫായി. കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനീയർ എൻ.സി. ജോബിനും സംഘവും പരിശോധിക്കുന്നു.
∙ 3.40: പവർഹൗസിനു മുന്നിൽ നിന്നു വെള്ളം വഴിതിരിച്ചുവിട്ടു. അടിയന്തരഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന എമർജൻസി ഷട്ടർ അടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി. എന്നാൽ, ഷട്ടറിന്റെ ഒരുഭാഗം ചരിഞ്ഞതോടെ പ്രതിസന്ധി കൂടി. ശ്രമം പരാജയപ്പെട്ടു.
∙ 3.50: ഭീതി പരന്നതോടെ പൊലീസ് എത്തി ഡാമിന്റെ പരിസരത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്ലാന്റിനു ഭീഷണി ഉയരുന്ന തരത്തിൽ ശക്തമായി വെള്ളം പുറത്തേക്കൊഴുകി.
∙ 4.00: ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. പിന്നാലെ ചീഫ് വിപ്പ് കെ. രാജനും സംഘവുമെത്തുന്നു.
∙ 6.30: കലക്ടർ എസ്. ഷാനവാസ് സ്ഥലത്തെത്തുന്നു.
8.00: േചർപ്പിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരെ എത്തിച്ച് വാൽവിന്റെയോ എമർജൻസി ഷട്ടറിന്റെയോ തകരാർ പരിഹരിച്ചു ജലപ്രവാഹം തടയാൻ ശ്രമം. 80 അടി താഴ്ചയിലാണു ഷട്ടറിന്റെ സ്ഥാനം. ദൗത്യം കാഠിന്യമേറിയത്. 9.00: മുങ്ങൽ വിദഗ്ധർ ഡാമിലിറങ്ങുന്നു.