കുന്നിന്‍ മുകളില്‍ മണ്‍കട്ടയില്‍ നിര്‍മ്മിച്ച ഓടുമേഞ്ഞ വീട്, പഴക്കം 55 വര്‍ഷത്തോളം! കുടിവെള്ളം വേണമെങ്കില്‍ കാശ് കൊടുത്ത് വാഹനത്തില്‍ എത്തിക്കണം , അനന്തുവിന് ലഭിച്ച 12 കോടി ഭാഗ്യം ഭാഗ്യദേവന കനിഞ്ഞ് നല്‍കിയത് !

 കുന്നിന്‍ മുകളില്‍ മണ്‍കട്ടയില്‍ നിര്‍മ്മിച്ച ഓടുമേഞ്ഞ വീട്, പഴക്കം 55 വര്‍ഷത്തോളം! കുടിവെള്ളം വേണമെങ്കില്‍ കാശ് കൊടുത്ത് വാഹനത്തില്‍ എത്തിക്കണം , അനന്തുവിന് ലഭിച്ച 12 കോടി ഭാഗ്യം ഭാഗ്യദേവന കനിഞ്ഞ് നല്‍കിയത് !

കൊച്ചി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ 12 കോടി തനിക്ക് ലഭിച്ചത് ഇതുവരെ വിശ്വസിക്കാനായിട്ടില്ല അനന്തു വിജയന്. വിവരം അറിഞ്ഞ് ഞായറാഴ്ച തനിക്ക് ഉറങ്ങാന്‍ പോലുമായില്ലെന്നാണ് അനന്തു പറയുന്നത്. ബംബര്‍ ഇത്തവണ തനിക്ക് തന്നെയെന്ന് കൂട്ടുകാരോട് തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യമായെന്ന് ഇപ്പോഴും അനന്തുവിന് ഉള്‍ക്കൊള്ളാനാവുന്നില്ല. പെയിന്റിങ് തൊഴിലാളിയായ അച്ഛനെയാണ് ആദ്യം വിവരം വിളിച്ചറിയിച്ചത്. പിന്നാലെ അമ്മയേയും.

കൊച്ചി എളംകുളം പൊന്നേത്ത് ക്ഷേത്രത്തില്‍ അക്കൗണ്ടന്റാണ് ഇടുക്കി ഇരട്ടയാര്‍ വലയതോവാള പൂവത്തോലില്‍ അനന്തു. പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഞായറാഴ്ച തന്നെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു.

കൊച്ചിയില്‍ നിന്ന് ഇരട്ടയാറിലേക്ക് അനന്തു എത്തുകയും ചെയ്തു. ഏറെ പ്രതിസന്ധികള്‍ താണ്ടിയായിരുന്നു ജീവിതം എന്ന് അനന്തു പറയുന്നു. ബിരുദ വിദ്യാര്‍ഥിയായിരിക്കെ കടയില്‍ ജോലിക്ക് നില്‍ക്കേണ്ടി വന്നു. കോളെജില്‍ നിന്ന് നേരെ കടയിലേക്ക്. കടയില്‍ നിന്ന് വീട്ടിലേക്ക്..

കുന്നില്‍മുകളിലാണ് വീട്. നൂറ് മീറ്ററില്‍ അധികം നടന്ന് കയറണം. മണ്‍കട്ടയില്‍ നിര്‍മിച്ച ഓടുമേഞ്ഞ വീടാണ് അനന്തുവിന്റേത്. ഇതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വീട്ടാവശ്യങ്ങള്‍ക്ക് വേണ്ട ശുദ്ധജലം വാഹനത്തില്‍ കാശ് മുടക്കി എത്തിച്ചാണ് ഉപയോഗിക്കുന്നത്.ഇനി ഈ ആകുലതകളൊന്നും അനന്തുവിനെ വേട്ടയാടില്ല.

ലോക്ക്ഡൗണ്‍ സമയം മാത്രം 5000 രൂപയുടെ വെള്ളമാണ് തങ്ങള്‍ക്ക് എടുക്കേണ്ടി വന്നതെന്ന് അനന്തുവിന്റെ അച്ഛന്‍ പറയുന്നു. 12 കോടി ലോട്ടറി അടിച്ച സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ അക്കൗണ്ടന്റ് ജോലി തുടരണമോ എന്ന കാര്യത്തില്‍ അനന്തു തീരുമാനം എടുത്തിട്ടില്ല. പണം കയ്യില്‍ വരട്ടേ. എന്നിട്ടാലോചിക്കാം എന്നാണ് അനന്ദു പറയുന്നത്.