അപകടത്തിൽ പരുക്കേറ്റ് ഒന്നരവർഷം അബോധാവസ്ഥയിൽ; കൃഷി ഓഫിസർ മരിച്ചു, മരണം ചികിത്സയിലായിരിക്കെ എത്തിയ സ്ഥാനക്കയറ്റം അറിയാതെ

 അപകടത്തിൽ പരുക്കേറ്റ് ഒന്നരവർഷം അബോധാവസ്ഥയിൽ; കൃഷി ഓഫിസർ മരിച്ചു, മരണം ചികിത്സയിലായിരിക്കെ എത്തിയ സ്ഥാനക്കയറ്റം അറിയാതെ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ അപകടത്തെത്തുടർന്ന് ഒന്നരവർഷത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ കൃഷി ഓഫിസർ മരിച്ചു . കൊട്ടാരക്കര കിഴക്കേക്കര കൈരളിയിൽ എ.ജി.അനിൽകുമാർ (55) ആണ് 2019 മേയ് രണ്ടിനുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.

മൂന്നു മാസം മുൻപാണ് അനിൽകുമാറിനു കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. കൊല്ലത്തു കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറായിരിക്കെ എഴുകോൺ വട്ടമൺകാവിനു സമീപത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ നിന്നു റോഡിലേക്കു വീണു ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളോളം അബോധാവസ്ഥയിൽ തുടർന്നു. ഇടയ്ക്കു സ്ഥാനക്കയറ്റ ഉത്തരവ് എത്തിയെങ്കിലും ചുമതലയേൽക്കാൻ കഴിഞ്ഞില്ല.

ബോധം വീണ്ടെടുക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയ ശേഷം പെട്ടെന്നായിരുന്നു മരണം. കർഷകരുടെയും സന്നദ്ധപ്രവർത്തകരുടെയും അടുത്ത സുഹൃത്തും ജനകീയ കൃഷി പ്രവർത്തകനുമായിരുന്നു. കൃഷിമേഖലയിലെ ഐടി വിദഗ്ധൻ എന്നു സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്ന അനിൽകുമാർ ‘സ്പാർക്കി’ന്റെ മാസ്റ്റർ ട്രെയിനറായിരുന്നു.