ദേവ്ദത്ത് പടിക്കല്‍! ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍! മലപ്പുറം ജില്ലക്കാരായ മാതാപിതാക്കളുടെ നന്നായി മലയാളം സംസാരിക്കുന്ന മകന്റെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം

ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തിൽ 56 റൺസുമായാണ് തിരിച്ചു നടന്നത്. പരിശീലനകാലത്ത് ദേവ്ദത്തിന്റെ പ്രകടനം അടുത്തറിഞ്ഞ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ദേവ്ദത്തിന് ടീമിന്റെ ആദ്യമത്സരത്തിൽ അരങ്ങേറാൻ അവസരം ഒരുക്കിയത്.
ദേവ്ദത്തിന്റെ പിതാവ് ബാബുനുവിന്റെ തറവാട് മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്. അമ്മ അമ്പിളിയുടെ വീട് എടപ്പാളിലും. ദേവ്ദത്തിന്റെ കുടുംബം ഹൈദരാബാദിലേക്കും പിന്നീട് ബെംഗളുരുവിലേക്കും താമസം മാറി. കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ കളിച്ചു വളർന്നു. പരിശീലകനായ മുഹമ്മദ് നസിറുദ്ദീന്റെ തുറുപ്പു ചീട്ടായിരുന്നു ദേവ്ദത്ത്.
ആഭ്യന്തര ടൂർണമെന്റുകളായ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലും കഴിഞ്ഞവർഷം റൺവാരിക്കൂട്ടി തന്റെ സാന്നിധ്യമറിയിച്ചു. 2 ടൂർണമെന്റുകളിലും ഏറ്റവുമധികം റൺസ് നേടിയത് ദേവ്ദത്തായിരുന്നു.
കർണാടക പ്രീമിയർ ലീഗിലും തിളങ്ങിയതോടെയാണ് റോയൽ ചാലഞ്ചേഴ്സ് ഡയറക്ടർ മൈക്ക് ഹെസ്സണിന്റെ കണ്ണിൽ ദേവ്ദത്ത് കുടുങ്ങിയത്. കഴിഞ്ഞ വർഷം ആർസിബിയിൽ എത്തിയെങ്കിലും ഐപിഎൽ അരങ്ങേറ്റം ഈ വർഷമായി. ഐപിഎല്ലിൽ പതർച്ചയില്ലാതെയുള്ള ദേവിന്റെ തുടക്കം ടീം ഇന്ത്യയെന്ന സ്വപ്നത്തിന്റെ പടിക്കലാണ് ദേവ്ദത്തിനെ എത്തിച്ചിരിക്കുന്നത്.