ഇത് റെക്കോര്‍ഡ്‌ ! ഐപിഎൽ ഉദ്ഘാടന മത്സരം കണ്ടത് 20 കോടി കാണികൾ; ലോകത്തുതന്നെ ആദ്യമെന്ന് ഷാ

 ഇത് റെക്കോര്‍ഡ്‌ ! ഐപിഎൽ ഉദ്ഘാടന മത്സരം കണ്ടത് 20 കോടി കാണികൾ; ലോകത്തുതന്നെ ആദ്യമെന്ന് ഷാ

മുംബൈ: ഐപിഎൽ 13–ാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോർഡ് കാണികളെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിനെ (BARC) ഉദ്ധരിച്ചാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിലെ ഉദ്ഘാടന മത്സരം ടെലിവിഷനിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി റെക്കോർഡ് കാണികൾ വീക്ഷിച്ച കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

‘ഡ്രീംഇലവൻ ഐപിഎലിലെ ഉദ്ഘാടന മത്സരം പുതിയ റെക്കോർഡിട്ടു. ‘ബാർക്കി’ന്റെ കണക്കനുസരിച്ച് 20 കോടി ആളുകളാണ് ഈ മത്സരം വീക്ഷിച്ചത്. ഏതൊരു രാജ്യത്തെയും, ഏതൊരു ലീഗിലും വച്ച് ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന റെക്കോർഡ് കാണികളാണിത്. ഇത്രയും ബൃഹത്തായ രീതിയിൽ ഇതുവരെ ഒരു ലീഗും ആരംഭിച്ചിട്ടില്ല’ – ഐപിഎൽ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തുടങ്ങിയവരെ ടാഗ് ചെയ്ത ജയ് ഷാ കുറിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഏറ്റുമുട്ടിയത്.

നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് ജയിക്കുകയും ചെയ്തു. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി കളത്തിലിറങ്ങിയ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.