ആറ് അടിക്ക് അപ്പുറവും വായുവിലൂടെ കോവിഡ് പടരാമെന്ന് മുന്നറിയിപ്പ്, പിന്നാലെ മാർ​ഗനിർദേശം അബദ്ധത്തിൽ പുറത്തിറക്കിയതാണെന്ന് ഏജൻസി

 ആറ് അടിക്ക് അപ്പുറവും വായുവിലൂടെ കോവിഡ് പടരാമെന്ന് മുന്നറിയിപ്പ്, പിന്നാലെ മാർ​ഗനിർദേശം അബദ്ധത്തിൽ പുറത്തിറക്കിയതാണെന്ന് ഏജൻസി

വാഷിങ്ടൻ:  6 അടിക്ക് അപ്പുറവും കോവിഡ് വായുവിലൂടെയും പകരാമെന്നത് സംബന്ധിച്ച മാർ​ഗ നിർദേശങ്ങൾ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പിൻവലിച്ചു. പുതിയ മാർ​ഗനിർദേശം അബദ്ധത്തിൽ പുറത്തിറക്കിയതാണെന്നാണ് ഏജൻസിയുടെ വിശദീകരണം.

കോവിഡ് ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെ പ്രധാനമായും പടരുമെന്നാണ് ലോകാരോ​ഗ്യ സംഘടന ഉൾപ്പെടെയുള്ളവയുടെ നിലപാട്. എന്നാൽ കോവിഡ് വായുവിൽ ഉണ്ടാവുമെന്നും, ആറടിക്ക് അപ്പുറവും കോവിഡ് വായുവിലൂടെ പകരുമെന്നുമായിരുന്നു സിഡിസിയുടെ റിപ്പോർട്ട്.

എന്നാൽ ഇത് പ്രസിദ്ധീകരിച്ച് ഉടനെ തന്നെ ഏജൻസി പിൻവലിക്കുകയും ചെയ്തു. കരട് റിപ്പോര്‍ട്ട് അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നാണ് ഏജന്‍സി പറയുന്നത്.

വായുവിലൂടെ സഞ്ചരിക്കുന്ന വൈറസുകളാണ് ഏറ്റവും പകർച്ചശേഷിയുള്ളതെന്നും, ചുമരുകൾക്കുള്ളിൽ വായു ശുദ്ധീകരണ സംവിധാനങ്ങൾ (എയർ പ്യൂരിഫയർ) ഉപയോഗിക്കാൻ സിഡിസിയുടെ പുതിയ നിർദേശങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.   വായുസഞ്ചാരം കുറ‍ഞ്ഞ ഇടങ്ങൾ വ്യാപനസാധ്യത കൂടിയതാണെന്നും സിഡിസിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.