ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലായിരിക്കാം, പക്ഷേ ബാക്ടീരിയ ഉണ്ട് ! 330 ഓളം ആനകള്‍ പിടഞ്ഞു ചത്തത് ബാക്ടീരിയകളിലെ വിഷം മൂലം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

 ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലായിരിക്കാം, പക്ഷേ ബാക്ടീരിയ ഉണ്ട് ! 330 ഓളം ആനകള്‍ പിടഞ്ഞു ചത്തത് ബാക്ടീരിയകളിലെ വിഷം മൂലം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഗാബ്റോണ്‍: ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നാണല്ലോ പറയാറ്. എന്നാല്‍ ഈ ചൊല്ലുകളൊക്കെ വെറുതെയാണെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം ആനകളുടെ മരണം. ബോട്ട്‌സ് വാനയിലാണ് ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇതിനു കാരണമായത് ജലാശയങ്ങളില്‍ നിന്നുള്ള ബാക്ടീരിയകളും.

വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ കാരണമായ അജ്ഞാത കൊലയാളികളെ കണ്ടെത്തുന്നതിന് ബോട്‌സ്വാന സര്‍ക്കാർ അന്വേഷണം ആരംഭിച്ചത്. സൈനോബാക്ടീരിയകളിലെ ന്യൂറോ ടോക്സിനുകളാണ് ആനകളുടെ മരണത്തിലേക്കു നയിച്ചതെന്ന് വന്യജീവി വകുപ്പ് വെറ്ററിനറി പ്രിൻസിപ്പൽ ഓഫിസർ എമ്മദി റൂബൻ വ്യക്തമാക്കി.

വെള്ളത്തിലാണ് ഈ ബാക്ടീരിയകള്‍ ഉണ്ടാകുകയെന്നും അവർ കണ്ടെത്തി. എന്നാൽ എന്തുകൊണ്ടാണ് ആനകൾ മാത്രം ചത്തൊടുങ്ങിയതെന്നും അതും ആ പ്രദേശത്തെ ആനകൾ മാത്രം എന്തുകൊണ്ടാണു ചെരിഞ്ഞതെന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ‌ അറിയിച്ചു. കഴിഞ്ഞ ജൂലൈ വരെ ബോട്‍സ്വാനയിൽ 281 ആനകളാണു ചരിഞ്ഞത്. പുതിയ കണക്കുകൾ പ്രകാരം ഇത് 330 ആയി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആനകളുള്ള ഇടമാണ് ബോട്‍സ്വാന, 1,30,000 എണ്ണം.

ബോട്സ്വാനയുടെ അതിർത്തി രാജ്യമായ സിംബാബ്‍വെയിൽ 20ല്‍ അധികം ആനകളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനും കാരണം ബാക്ടീരിയകൾ തന്നെയാണെന്നാണു സംശയിക്കുന്നത്. ജലാശയങ്ങൾക്കും കുളങ്ങൾക്കും സമീപമാണ് കൂടുതലും ആനകളുടെ ജഡം കണ്ടെത്തിയതെന്നതാണ് ബാക്ടീരിയകളിലേക്ക് സംശയമുനയെത്തിച്ചത്. ആനകള്‍ സാധാരണയായി ജലാശയങ്ങളുടെ നടുവിൽനിന്നാണ് വെള്ളം കുടിക്കാറ്, എന്നാൽ സൈനോബാക്ടീരിയകള്‍ കൂടുതലും ഉണ്ടാകുക ജലാശയങ്ങളുടെ തീരത്തോടു ചേർന്നുമാണ്.

മരണത്തിനു മുൻപ് ചില ആനകൾ നിന്ന നിൽപ്പിൽ വട്ടംകറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ചില പരിസരവാസികൾ പറഞ്ഞിരുന്നു. അതിനാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗമാകാം മരണകാരണമെന്നും സംശയങ്ങളുണ്ടായിരുന്നു. ചരിഞ്ഞ ചില ആനകളാകട്ടെ മുഖമടിച്ചു വീണ നിലയിലാണ്.

പൊടുന്നനെ വീണുള്ള മരണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യക്തമാണ്. എന്നാൽ വൈറസിലെ വിഷം എങ്ങനെയാണ് ആനകളിൽ പ്രവർത്തിക്കുന്നതെന്നതുൾപ്പെടെ നിരവധി സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്.