മലയാറ്റൂര്‍ പാറമട സ്‌ഫോടനം; ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി, പിന്നില്‍ ഭീകര ബന്ധം?

 മലയാറ്റൂര്‍ പാറമട സ്‌ഫോടനം; ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി, പിന്നില്‍ ഭീകര ബന്ധം?

കൊച്ചി: മലയാറ്റൂരിൽ ഇല്ലാത്തോട് പാറമടയ്ക്കടുത്ത് ഇന്നു പുലർച്ചെയുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം. സംഭവത്തിൽ എൻഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്.

അനുമതിയില്ലാത്ത പ്രവർത്തിച്ചിരുന്ന പാറമടയോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

മരിച്ചവർക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് പാറമടയോട് ചേർന്ന് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ സ്ഫോടനമുണ്ടായത്. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ജോലിക്കെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെയായിരുന്നു സഫോടനം.

മലയാറ്റൂരിൽ സ്ഫോടനമുണ്ടായ പാറമട പ്രവർത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. വനം വകുപ്പ് ഇതു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു.