അത് ജിഷ്ണു തന്നെയോ? കണ്ടെടുത്ത ഫോണും വസ്ത്രവും ആരുടെ? ഉത്തരം മുട്ടി പൊലീസ്

 അത് ജിഷ്ണു തന്നെയോ? കണ്ടെടുത്ത ഫോണും വസ്ത്രവും ആരുടെ? ഉത്തരം മുട്ടി പൊലീസ്

കോട്ടയം: ജൂണ്‍ 27നാണ് കോട്ടയത്തെ നാട്ടകത്ത് നിന്നും ഒരു അസ്ഥികൂടം കണ്ടെത്തുന്നത്. ഇത് കുമരകത്തു നിന്നും കാണാതായ ജിഷ്ണുവിന്റെതാണെന്നാണ് സംശയിക്കുന്നത്.  ജിഷ്ണു ഹരിദാസിനെ കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടി. അസ്ഥികൂടം ജിഷ്ണുവിന്റെതാണ് ആദ്യം സ്ഥിരീകരിച്ച പൊലീസ് മൂന്ന് മാസം പിന്നിട്ടിട്ടും അതില്‍ വ്യക്തത വരുത്തിയില്ല.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു.

മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ ധരിച്ച ഷർട്ടിന്റെ അവശിഷ്ടമാണെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീൻസിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ടായിരുന്നു. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാർ സാധാരണ എത്താറില്ല. വിഷ്ണു എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല.

ഫൊറൻസിക് പരിശോധനയിൽ അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലമടക്കം വൈകിച്ച് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ജൂൺ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചു. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്.

സ്ഥലത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോണും പരിശോധിച്ച പൊലീസ് മൃതദേഹം ജിഷ്ണുവിന്‍റേതാണെന്ന് ഉറപ്പിച്ചു. എന്നാല്‍ ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്‍റേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. മരിച്ചത് ആരെന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും മറുപടിയില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.