ലോട്ടറി എടുത്തത് ഒരു കൗതുകത്തിന്, നറുക്കെടുപ്പിന് തലേദിവസവും സമ്മാനം എനിക്ക് തന്നെ എന്ന് പറഞ്ഞു, അനന്ദുവിന്റെ നാവ് പൊന്നായി !

 ലോട്ടറി എടുത്തത് ഒരു കൗതുകത്തിന്, നറുക്കെടുപ്പിന് തലേദിവസവും സമ്മാനം എനിക്ക് തന്നെ എന്ന് പറഞ്ഞു, അനന്ദുവിന്റെ നാവ് പൊന്നായി !

ഇടുക്കി: തിരുവോണ ബമ്പർ അടിച്ച  ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരന് 7.56 കോടി രൂപയാണ് ലഭിക്കുന്നത്. ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല അനന്തു. വല്ലപ്പോഴും ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്. പലപ്പോഴായി എടുത്ത ലോട്ടറികളിൽ നിന്നായി ആകെ അയ്യായിരത്തിൽ താഴെ രൂപ മാത്രമേ സമ്മാനമായി അനന്തുവിന് ലഭിച്ചിട്ടുള്ളു.

നറുക്കെടുപ്പിന്റെ തലേദിവസം വരെ തനിക്കാകും ലോട്ടറി അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവർത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു പറഞ്ഞു. എന്നിട്ടും തനിക്ക് ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൈകീട്ട് അഞ്ച് മണിക്കാണ് അനന്തു തന്റെ ലോട്ടറിയുടെ ഫലം പരിശോധിക്കുന്നത്. ഫലം കണ്ട തനിക്ക് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്ന് അനന്തു പറയുന്നു.

അനന്തുവിന്റെ വീട്ടിൽ അച്ഛനും, അമ്മയും, അനിയനും, ചേച്ചിയുമുണ്ട്. സഹോദരി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. അനിയൻ ബിബിഎയും പൂർത്തിയാക്കി. വീട് വയ്ക്കണമെന്നും ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നുമൊക്കെയാണ് ആഗ്രഹമെന്നും അനന്തു പറഞ്ഞു.

എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. ഒന്നാം സമ്മാനം TB 173964 എന്ന ടിക്കറ്റിനാണ്. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്. ലോട്ടറി ഏജൻസി നടത്തുകയാണ് അജേഷ് കുമാർ. അജേഷാണ് ലോട്ടറി വിൽപനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അളകർസ്വാമിയുടെ കയ്യിൽ നിന്നാണ് അനന്തു ടിക്കറ്റ് വാങ്ങുന്നത്.