അനന്ദുവിനൊപ്പം അച്ഛനും ഭാഗ്യം പരീക്ഷിച്ചു ! അച്ഛന്‍ എടുത്ത ടിക്കറ്റിന് അടുത്തുകൂടി പോലും ഭാഗ്യം കടന്നു പോയില്ല, ഭാഗ്യദേവത മകനൊപ്പം വലതുകാല്‍ വച്ചു കടന്നുവന്നത് 55 വര്‍ഷം പഴക്കമുള്ള വീട്ടിലേക്ക് !

തൊടുപുഴ: അനന്ദുവിനൊപ്പം അച്ഛനും ഭാഗ്യം പരീക്ഷിച്ചു . ഭാഗ്യദേവത കടാക്ഷിച്ചത് മകനെ. കേരള സർക്കാരിന്റെ ഓണം ബംപർ 12 കോടി നേടിയ അനന്തു വിജയനും അച്ഛൻ വിജയനും ബംപർ ടിക്കറ്റ് വാങ്ങിയിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയപ്പോൾ മകൻ ടിക്കറ്റെടുത്തത് എറണാകുളത്തു നിന്ന്.
കട്ടപ്പന ഇരട്ടയാർ വലിയ തോവാളയിലെ 55 വർഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാൽ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയർന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തൽക്കാലം ചിന്തിച്ചിട്ടില്ല. അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതൽ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം.
ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ് അമ്മ സുമാ വിജയൻ. ലോട്ടറി തനിക്കാണെന്ന് ഉറപ്പിച്ചപ്പോൾ അനന്തു വീട്ടുകാരെ സന്തോഷം വിളിച്ചറിയിച്ചു. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്.