മകന്‍ വീടിന് പുറത്തു പോകാതിരിക്കാന്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദം നല്‍കി ; 12കാരനായ മകന്‍ അമ്മയുടെ എടിഎമ്മില്‍ നിന്ന് ഗെയിമിന് വേണ്ടി പൊടിച്ചത് 90000 രൂപ; ശിക്ഷയായി 1 മുതല്‍ 90000 വരെ ഇരുന്ന് എഴുതിക്കോളാന്‍ അച്ഛന്‍

ചെന്നൈ: മകന്‍ വീടിന് പുറത്തു പോകാതിരിക്കാന്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദം നല്‍കി. തമിഴ്‌നാട്ടില്‍ 12 വയസ്സുകാരന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചത് 90,000 രൂപ. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ഗെയിമുകള്‍ക്ക് ആവശ്യമായ പണം 12 കാരന്‍ കണ്ടെത്തിയത്. ബാലന്‍സ് നോക്കാന്‍ എടിഎമ്മില്‍ പോയപ്പോഴാണ് പണം പിന്‍വലിച്ച കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മകന്‍ അടിമയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
മധുരയിലെ മേലകിദാരത്തിലാണ് സംഭവം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ മകനെ രക്ഷിതാക്കള്‍ അനുവദിച്ചിരുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകില്ലല്ലോ എന്ന് കരുതിയാണ് ഇത് അനുവദിച്ചത്.
കുട്ടിയുടെ അച്ഛന്‍ ഇ- സേവ കേന്ദ്രമാണ് നടത്തുന്നത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അമ്മ മകന്റെ സഹായം തേടിയിരുന്നു. അതിനിടെയാണ് എടിഎം വിവരങ്ങള്‍ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി 90,000 രൂപയാണ് ചെലവഴിച്ചത്. ബാലന്‍സ് നോക്കിയപ്പോള്‍ ഏഴായിരം രൂപ മാത്രം കണ്ടതോടെ രക്ഷിതാക്കള്‍ ഞെട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകനാണ് പണം ചെലവഴിച്ചതെന്ന് കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ച ശേഷം ബാങ്കില്‍ നിന്ന് ഇടപാടുമായി ബന്ധപ്പെട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സന്ദേശങ്ങള്‍ മകന്‍ ഫോണില്‍ നിന്ന് മനഃപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ എടിഎം ഉപയോഗിച്ച കാര്യം മകന്‍ നിഷേധിച്ചു. എന്നാല്‍ തുടര്‍ന്നും ഇടപാടുകള്‍ നടത്തിയതോടെയാണ് കളളിവെളിച്ചത്തായത്. മകന്‍ കുറ്റം സമ്മതിച്ചതായി രക്ഷിതാക്കള്‍ പറയുന്നു.
ഓണ്‍ലൈന്‍ ഗെയിമിനോടുളള മകന്റെ അമിതമായ താത്പര്യം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അച്ഛന്‍ സെന്തില്‍ കുമാര്‍ പറഞ്ഞു. ശിക്ഷ എന്ന നിലയില്‍ ഒന്നുമുതല്‍ 90000 വരെ എഴുതാന്‍ മകനോട് ആവശ്യപ്പെട്ടു. അഞ്ചു ദിവസം കൊണ്ട് 3500 വരെ എഴുതി. തുടര്‍ന്ന് മൊബൈലില്‍ ഗെയിം കളിക്കില്ല എന്ന് മകന്‍ ഉറപ്പുനല്‍കിയതായി അച്ഛന്‍ പറയുന്നു.