മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്? ഒടുവിൽ അവസാന യാത്രയിലും അതുപോലെതന്നെ, ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ..

 മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്? ഒടുവിൽ അവസാന യാത്രയിലും അതുപോലെതന്നെ, ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ..

ശബരീനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ വിങ്ങി സിനിമാലോകം. നിരവധി പേരാണ് പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചത്. എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് താരങ്ങൾ പറയുന്നത്. നടൻ ആസിഫ് അലി, രജിത്ത് മേനോൻ, നടൻ അനിൽ നെടുമങ്ങാട്, ബാലാജി ശർമ, സംവിധായകൻ എം.ബി. പത്മകുമാർ, സൈജു എന്നിവര്‍ ആദരാഞ്ജലികൾ നേർന്നു.

എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസൻ കാർഡിയാക്ത് അറസ്റ്റിന്റെ രൂപത്തിൽ കൊണ്ടുപോയി .. .. ഒരു നീതിയുമില്ല … താങ്ങാനാവുന്നില്ല …. വിശ്വാസം വരുന്നില്ല …. സഹൊ മറക്കിലൊരിക്കലും … കണീര്‍ പ്രണാമം.- ബാലാജി ശർമ കുറിച്ചു.

പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ.  വിശ്വസിക്കാനേ കഴിയുന്നില്ല എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം പെട്ടെന്ന് മാഞ്ഞുപോകുമെന്ന്… അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള കരുത്തു കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് നടി  ദിവ്യ നായർ കുറിച്ചത്.

പ്രിയമുള്ളവരെ,  ശബരിയും പോയി. എപ്പോഴും ചിരിച്ച മുഖത്തോടെ. ആരോടും പരാതിയോ  ദേഷ്യമോ കാട്ടാതെ വളരെ ചുറുചുറുക്കോടെ  നമ്മോടൊപ്പം ഉണ്ടായിരുന്നു ശബരി. ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയതായി  ആരും പരാതി പറയില്ല, ഒടുവിൽ അവസാന യാത്രയിലും അതുപോലെതന്നെ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ.   എന്നെപ്പോലെ നിന്റെ നിരവധി സുഹൃത്തുക്കൾക്ക് ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ദൈവം കൊടുക്കട്ടെ.- രഞ്ജിത്ത് മുൻഷി.

മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്, വിട- എം.ബി. പത്മകുമാർ കുറിച്ചു. നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ കലാകാരന്റെ ശബ്ദമാവാൻ സാധിച്ചിരുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല- സൈജു എസ് പറഞ്ഞു.

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ശബരീനാഥ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് 15 വർഷമായി സീരിയൽ രം​ഗത്ത് നിറസാന്നിധ്യമാണ്. ‘മിന്നുകെട്ട്’, ‘അമല’, ‘സ്വാമി അയ്യപ്പൻ’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ശബരി ശ്രദ്ധേയനായത്.