5 മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്ക് രക്തം എത്താതെ വന്നാൽ ആളു മരിക്കും; ആളറിഞ്ഞ് ഓടിക്കൂടി എത്തുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരിക്കും; കായികാധ്വാനവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ട്, അഞ്ചു പേര്‍ക്ക് ഇത്തരത്തില്‍ ഹൃദയാഘാതം വന്നാല്‍ മൂന്നു പേരെ എങ്കിലും രക്ഷിക്കാന്‍ എന്തു ചെയ്യണമെന്ന് വിശദീകരിച്ച് കാര്‍ഡിയോളജി വിദഗ്ധന്‍

കൊച്ചി: ബാഡ്മിന്റണ്‍ കളിക്കിടെയാണ് ശബരീനാഥിന് ഹൃദയാഘാതം സംഭവിച്ചത്. കായികാധ്വാനവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ട് എന്നതൊരു മെഡിക്കൽ യാഥാർത്ഥ്യമാണ്. വളരെ പ്രശസ്തരായ കായികതാരങ്ങൾക്കൊക്കെ സംഭവിച്ചിട്ടുണ്ട് ഇതുപോലുള്ള മരണം.
കായിക വിനോദത്തിനിടെ കുഴഞ്ഞുവീണ്, സംഭവിച്ചതെന്തെന്ന് പരിസരത്ത് നിന്ന ആൾക്ക് ഓർത്തെടുക്കാൻ പോലും സമയം കിട്ടാതെ മരണം സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് ഈ അടുത്തിടെ ഇത്തരം നിരവധി കേസുകൾ വരുന്നുണ്ട്. മരണത്തിനു കീഴടങ്ങുന്നവരിൽ മുപ്പത് വയസ്സിനു താഴെയുള്ളവർ നിരവധി.
ഇത്തരം മരണങ്ങൾക്ക് പിന്നിൽ ചില കാരണങ്ങളുണ്ട്. അപൂർവമായ ചില രോഗം കൊണ്ട് ഇത്തരത്തിലുള്ള മരണം സംഭവിക്കാമെന്ന് എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജി സീനിയർ കൺസൽട്ടന്റ് ഡോ.ജാബിർ അബ്ദുളളക്കുട്ടി പറഞ്ഞു.
ഒരു സാഹചര്യം എന്നു പറയുന്നത് ഹൃദയത്തിന്റെ മസിൽ ഭിത്തികൾക്ക് കനം കൂടുതലുള്ളതാണ്. ഇത്തരക്കാർക്ക് മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഒന്നും കാണില്ല. ചിലപ്പോൾ അത്തരം ഫാമിലി ഹിസ്റ്ററി ഒക്കെയുണ്ടാവാം. അപ്പോഴും അതൊന്നും തിരിച്ചറിയപ്പെടാൻ പറ്റാത്ത സാഹചര്യം കാണും. രണ്ടാമത്തെ കാര്യം ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിൽ വരുന്ന താളപ്പിഴകൾ. ആദ്യ ലക്ഷണം ഹൃദയാഘാതവും മരണവും തന്നെ.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൃദയത്തിന്റെ ഇടിപ്പ് വർധിക്കുകയോ താളമാറ്റം സംഭവിക്കുകയോ നിലച്ച് പോവുകയോ ചെയ്തേക്കും. അപൂർവമായ സാഹചര്യമാണിത്. അയോൺ ചാനലുകളിൽ വരുന്ന വ്യത്യാസമനുസരിച്ച് ഇലക്ടിക്കൽ കറന്റ് കൃത്യമായ താളത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഹൃദയം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നത്. വളരെ ചെറുപ്പക്കാർക്ക് വരെ വരാം ഈ സാഹചര്യം. വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ 5 മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്ക് രക്തം എത്താതെ വന്നാൽ ആളു മരിക്കും. ആളറിഞ്ഞ് ഓടിക്കൂടി എത്തുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരിക്കും.
ഈ സാഹചര്യങ്ങൾക്ക് ഒരു പരിഹാരം കൂടി പറയുകയാണ് ഡോക്ടർ. പൊതുയിടങ്ങളിൽ ആളുകൂടൂന്ന സ്ഥലങ്ങളിലെല്ലാം ഡിഫിബ്രിലേറ്റർ വയ്ക്കുക എന്നതാണ് ഒരേയൊരു പരിഹാരം. മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന് ഷോക്ക് അല്ലെങ്കിൽ ഇലക്ട്രിക് പൾസ് നൽകി സാധാരണ നിലയിലാക്കുക എന്നതാണ് ലക്ഷ്യം. അത് മാത്രം പോരാ, ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയാനുള്ള അവബോധം കൂടി പൊതുജനത്തിന് വേണ്ടത് അനിവാര്യമാണ്.
വിദേശരാജ്യങ്ങളിലെല്ലാം വിമാനത്താവളങ്ങൾ തിയേറ്റർ, മൈതാനങ്ങൾ. അങ്ങനെ പൊതുസ്ഥലങ്ങളിലെല്ലാം ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫിബ്രലേറ്റർ ഉണ്ട്. അഞ്ചുപേർക്കു ഹൃദയാഘാതം വരുമ്പോൾ 3 പേരെയെങ്കിലും രക്ഷിക്കാമല്ലോ. അതിനുള്ള ട്രെയിനിങ് സന്നദ്ധരായ ആളുകൾക്കും സംഘടനകൾക്കും എല്ലാം നൽകണം. സിപിആറിലൂടെയല്ലാതെ ഹൃദയാഘാതം വന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ പറ്റില്ലെന്നതും മറ്റൊരു സത്യം.
ഏതായാലും കായിക വിനോദങ്ങള്‍ക്കിടെ സംഭവിക്കുന്ന മരണങ്ങൾ ചർച്ചയാകുമ്പോൾ മനസ്സിലാക്കേണ്ടത് ഇത്തരം യാഥാർത്ഥ്യങ്ങളാണ്. പ്രശ്നം കായിക വിനോദങ്ങളുടേതല്ല. ഒളിഞ്ഞിരിക്കുന്ന മറ്റ് രോഗ സാഹചര്യങ്ങളാവും എന്ന്. വ്യായാമം ദിനചര്യയാക്കിയവരുടെയും പൂർണ ആരോഗ്യവാൻമാരെന്ന്് ബോധ്യമുള്ളവരുടെയും ഹൃദയത്തിനും വേണം കൃത്യമായ പരിശോധനയും ചികിത്സയും.