കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുന്നു, കേരള പൊലീസ് തീവ്രവാദികളെ സഹായിക്കുന്നു; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണെന്നും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ ഒരു തീവ്രവാദ കേസിലും പൊലീസിന്റെ അന്വേഷണം ശരിയായി നടക്കുന്നില്ല. തീവ്രവാദം തടയാനുള്ള ശ്രമവുമില്ല.
കനകമല സിപിഎമ്മിനു സ്വാധീനമുള്ള പാർട്ടി ഗ്രാമമാണ്. അവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനം സർക്കാരിന്റെ ഒത്താശയോടെയാണ്. കേരള പൊലീസിലെ തീവ്രവാദിസാന്നിധ്യം ശക്തമാണെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരള പൊലീസ് തീവ്രവാദികളെ സഹായിക്കുകയാണ്. പൊലീസ് ആസ്ഥാനത്ത് ഇ മെയിൽ ചോർത്തിയ ആളെ സർവീസിൽ തിരിച്ചെടുത്തു വലിയ പദവി കൊടുത്തിട്ടും ആരും പ്രശ്നമാക്കിയില്ല. തീവ്രവാദ കേസുകളിൽ കേരള പൊലീസിനു താൽപര്യമില്ല. കുറ്റകരമായ അനാസ്ഥയാണിത്. തീവ്രവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. എല്ലാ മുന്നറിയിപ്പുകളും സർക്കാർ അവഗണിക്കുന്നു. എന്തു തീവ്രവാദം ഉണ്ടായാലും വോട്ട് ബാങ്ക് സുരക്ഷിതമായാൽ മതി എന്ന നിലപാടാണ് സർക്കാരിനെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ കള്ളക്കടത്തുകാരെ സഹായിച്ചു എന്നതിൽ സംശയമില്ല. അന്വേഷണ ഏജൻസികൾ ഡിജിറ്റൽ തെളിവു സഹിതം ശേഖരിച്ചിട്ടുണ്ട്. അടയ്ക്ക മോഷ്ടിച്ചതിനല്ല തീവ്രവാദ കേസിലാണ് ജലീലിനെതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുമ്പോൾ ജലീൽ നിയമത്തിന്‍റെ വലയിൽ കുടുങ്ങുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.