പ്രണയിച്ച് കല്യാണം കഴിച്ചിട്ടും എന്നും ഭാര്യയുടെ ഇടി കൊള്ളാന്‍ മാത്രം വിധി; മദ്യപിച്ച് ലക്കുകെട്ട് ഭാര്യ വല്ലാതെ ഉപദ്രവിക്കുന്നു, രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനില്‍

മദ്യത്തിന് അടിമയായ ഭാര്യയില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പരാതി. സ്ഥിരം മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്ന് കാണിച്ച് 29കാരനായ ഭര്‍ത്താവാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മണിനഗറിലാണ് സംഭവം.
തങ്ങള്‍ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് യുവാവ് പറയുന്നു. 2018ലാണ് വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹ ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന കാര്യം താന്‍ മനസിലാക്കുന്നത്. കുടിച്ച് ബോധം നശിക്കുമ്പോള്‍ തന്നെയും തന്റെ മാതാപിതാക്കളേയും ഭാര്യ വല്ലാതെ ഉപദ്രവിക്കുന്നു. ഇടയ്ക്ക് താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നും ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും യുവാവ് പരാതിയില്‍ പറയുന്നു.
തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സാധ്യമല്ലെന്നും അവരെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ജൂണില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഭാര്യ വീടിന്റെ മുകള്‍ നിലയിലേക്ക് മാറി. അസുഖം ബാധിച്ച മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന് തന്നെ സഹായിക്കാനും ഭാര്യ തയ്യാറായില്ല.
മാതാപിതാക്കള്‍ അസുഖം ബാധിച്ച് കിടക്കുന്ന സമയത്ത് വീടിന്റെ ഉടമസ്ഥാവകാശം തനിക്ക് കൈമാറണമെന്ന് ഭാര്യ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ ആഗ്രഹം നടത്തി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും യുവാവ് പരാതിയില്‍ വ്യക്തമാക്കി.
മദ്യത്തിന് അടിമയായ ഭാര്യ പ്രായമുള്ള തന്റെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന ഭയമുണ്ടെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ യുവതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.