ചില ലക്ഷണങ്ങള്‍ നമ്മള്‍ നിസാരമായി തള്ളാം; ആ അവഗണന നമ്മെ നയിക്കുന്നത് മരണത്തിലേക്കാകാം! ശബരിയുടെ മരണത്തിലൂടെ നാം മനസ്സിലാക്കണം, കുഴഞ്ഞു വീണ് മരണത്തിലേക്ക് നയിക്കാവുന്ന ഈ അപകടാവസ്ഥകള്‍

 ചില ലക്ഷണങ്ങള്‍ നമ്മള്‍ നിസാരമായി തള്ളാം; ആ അവഗണന നമ്മെ നയിക്കുന്നത് മരണത്തിലേക്കാകാം! ശബരിയുടെ മരണത്തിലൂടെ നാം മനസ്സിലാക്കണം, കുഴഞ്ഞു വീണ് മരണത്തിലേക്ക് നയിക്കാവുന്ന ഈ അപകടാവസ്ഥകള്‍

നടന്‍ ശബരിനാഥിന്റെ മരണം കളിക്കിടെ പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്നായിരുന്നു.
പെട്ടെന്നു കുഴഞ്ഞു വീണുള്ള ഇത്തരം മരണങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളെന്തെന്ന് അറിയാം.

ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഒരു പ്രധാന കാരണം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജന്മനാതന്നെ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ.

ചില രോഗലക്ഷണങ്ങൾ കണ്ടെന്നിരിക്കാം. എന്നാൽ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്കു നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.

ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിൽ കുറച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നുണ്ട്.

ആ ഇലക്ട്രിസിറ്റി ഇടത് വെൻട്രിക്കിളിലേക്ക് എത്തും. ആ എനർജി ഉപയോഗിച്ചാണ് വെൻട്രിക്കിൾ മിടിക്കുന്നത്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകൾക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. അത്‌ലീറ്റുകളും മറ്റും കുഴഞ്ഞുവീണു മരിക്കുന്നതിനു പിന്നിൽ കാർഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോൾ ഹൃദയതാളം തെറ്റാം.

ഇലക്ട്രോലൈറ്റ് ഇംബാലൻസ് അതായത് സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായിട്ടും കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോൾ നിർജലീകരണം സംഭവിക്കുക, വേനൽക്കാലത്ത് വിയർ‌പ്പു കൂടി ഡിഹൈഡ്രേഷൻ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങവിൽ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവിൽ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാൽ ഹൃദയം പെട്ടെന്നു നിന്നുപോകും.

അരോട്ടിക് സ്റ്റെനോസിസ് എന്ന പ്രശ്നമുള്ളവരിലും കുഴഞ്ഞുവീണു മരണം സംഭവിക്കാം. മഹാധമനിക്കു ചുവട്ടിലുള്ള അരോട്ടിക് വാൽവ് ചുരുങ്ങി ഹൃദയത്തിലേക്ക് ആവശ്യത്തിനു രക്തം എത്താതെ വന്നാലും കുഴഞ്ഞുവീണു മരിക്കാം. ഹൃദയമിടിപ്പ് ഹൃദയാരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മിടിപ്പിലെ വ്യത്യാസം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യപാനം, ലഹരിമരുന്നുപയോഗം എന്നിവ ഹൃദയമിടിപ്പിൽ വ്യത്യാസം വരുത്തുന്ന കാര്യങ്ങളാണ്.

മസ്തിഷ്കാഘാത സംബന്ധമായ കാര്യങ്ങൾ, ഷുഗർ കുറഞ്ഞു ബോധം കെട്ടു വീഴുന്നവർ, അപസ്മാര സംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക് മൂലം വരുന്ന പാരലൈസിസ് കാരണമുള്ള വീഴ്ച, ചെവിയുടെ ബാലൻസ് തെറ്റിയുണ്ടാകുന്ന തലകറക്കം എന്നിവയൊക്കെ പെട്ടെന്നുള്ള കുഴഞ്ഞുവീഴലിൽ വരുന്നതാണ്.

പ്രമേഹരോഗികൾ, കൊളസ്ട്രോൾ ഉള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ ഒക്കെ നടക്കുമ്പോൾ നെഞ്ചുവേദന, ശ്വാസംമുട്ട്, ക്ഷീണം, നെഞ്ചിടിപ്പ് കൂടുക ഇങ്ങനെയൊക്കെ കണ്ടാൽ എത്രയും പെട്ടെന്നു ചികിൽസ തേടണം. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് എത്ര പെട്ടെന്നു ചികിൽസ തേടുന്നുവോ അത്രയും റിസ്ക് കുറഞ്ഞിരിക്കും.