സിദ്ദിഖ് എന്തുകൊണ്ട് ചെയ്തെന്ന് മനസ്സിലാക്കാം, പക്ഷെ ഭാമ? ഞങ്ങൾക്ക് ഞങ്ങളുടെ സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ പറ്റില്ല, ‘അപമാനം’; തുറന്നടിച്ച് റിമയും രേവതിയും

 സിദ്ദിഖ് എന്തുകൊണ്ട് ചെയ്തെന്ന് മനസ്സിലാക്കാം, പക്ഷെ ഭാമ? ഞങ്ങൾക്ക് ഞങ്ങളുടെ സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ പറ്റില്ല,  ‘അപമാനം’; തുറന്നടിച്ച് റിമയും രേവതിയും

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയ സംഭവത്തിൽ പരസ്യമായി പ്രതികരിച്ച് നടിമാരും വുമൺ ഇൻ സിനിമ കളക്ടീവ് ഭാരവാഹികളുമായ റിമ കല്ലിങ്കലും രേവതിയും.

വൈകാരികമായാണ് ഇരുവരും പ്രതികരിച്ചത്. സഹപ്രവർത്തകർ പോലും ഒപ്പം നിൽക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ‘അപമാനം’ എന്നാണ് കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ ആദ്യ പ്രതികരണം.

“അപമാനം.

അതിജീവിച്ചവൾക്കൊപ്പം നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവുമധികം സഹായം വേണ്ടിയിരുന്ന അവസാന നിമിഷം എതിർപക്ഷത്തേക്ക് തിരിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ഞങ്ങൾക്ക് അറിയാവുന്നതനുസരിച്ച് എതിർപക്ഷത്തേക്ക് ചാഞ്ഞ സ്ത്രീകൾ ഒരുതരത്തിൽ ഇരകൾ തന്നെയാണ്, അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവും ഇല്ലാത്തവർ, എങ്കിലും ഇത് അങ്ങേയറ്റം വേദനിപ്പിക്കുന്നു.

അവർ നാലുപേർ മൊഴി മാറ്റിയിരിക്കുന്നു. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിഖ്, ഭാമ… ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു.

#അവൾക്കൊപ്പം”, റിമ പ്രതികരിച്ചതിങ്ങനെ.

സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ പറ്റില്ലെന്നത് സങ്കടകരമാണെന്നാണ് രേവതിയുടെ പ്രതികരണം. “സിനിമാരം​ഗത്ത് ഞങ്ങൾക്ക് ഞങ്ങളുടെ സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ പറ്റില്ലെന്നത് സങ്കടകരമാണ്. സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൻ നിങ്ങൾ എത്രവർഷങ്ങൾ ജോലിചെയ്തെന്നതോ എത്ര സിനിമകൾ ചെയ്തെന്നതോ ഒക്കെ പിൻസീറ്റിലേക്ക് മാറ്റപ്പെടും.

സൗഹൃദത്തിന്റെയോ ഒന്നിച്ച് ജോലിസ്ഥലത്ത് ഇടപെട്ടതിന്റെയോ ഓർമ്മകളൊന്നും ഉണ്ടാകില്ല. ഈയിടയായി ഒരുപാടൊന്നും പറഞ്ഞുകേൾക്കുന്നില്ലാത്ത 2017ലെ പ്രമാദമായ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവർ കോടതിയിൽ അവരുടെതന്നെ മൊഴികൾ മാറ്റിപ്പറയുകയുണ്ടായി. അവരിൽ നിന്ന് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ ഇല്ല. ഇപ്പോൾ സിദ്ദിഖും ഭാമയും.

സിദ്ദിഖ് എന്തിനിത് ചെയ്തു എന്ന് എല്ലാവർക്കും മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഭാമ???ഒരു സുഹൃത്തായിരുന്നിട്ടും സംഭവം നടന്നയുടൻ പൊലീസിനോട് പറഞ്ഞത് ഇപ്പോൾ നിഷേധിച്ചു. നീതി ലഭിക്കാൻ മാത്രം അതിജീവിച്ച നടി ഈ വർഷങ്ങളത്രയും വളരെ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോയത്. ഇത്തരത്തിലൊരു പരാതി ഫയൽ ചെയ്താൽ അതിജീവിച്ച വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തതെന്താ?

അവൾക്കൊപ്പം ഉണ്ടായിരുന്നവർ ഇപ്പോഴും ഒപ്പമുണ്ടെന്ന് അറിയിക്കാനായി
​​​#അവൾക്കൊപ്പം”, രേവതി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.