ആദ്യമായി ഞാനൊരു വലിയ കാറിൽ കയറുന്നത് ശബരിയുടേതാണ്; ആദ്യമായി ഒരു വിലകൂടിയ മദ്യം ഞാൻ കഴിക്കുന്നത് ശബരി സമ്മാനിച്ചതാണ്; ഇപ്പോ എനിയ്ക്ക് തോന്നുന്നു ആ വെള്ളക്കുതിരയുടെ ചുമലിൽ ഏറി ആരേയും കൂട്ടാതെ ആരോടും യാത്ര പറയാതെ കണ്ണെത്താ , നോക്കത്താ ദൂരത്തേയ്ക്ക് ഒരു യാത്ര പോയി എന്ന്; പ്രേംസണ്‍ പാഴൂരിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

അന്തരിച്ച നടന്‍ ശബരിനാഥിന്റെ ഓര്‍മ്മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ പ്രേംസണ്‍ പാഴൂര്‍. സീത എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
പ്രേംസണിന്റെ കുറിപ്പ്
മൂന്നു പുതുമുഖങ്ങളെ (ശബരി, സൗപർണിക, മനീഷ് )ഒരുമിച്ച് സീരിയലിൽ കൊണ്ടുവരുന്നത് സംവിധായകൻ നിസാർ ആണ്. ഞാനായിരുന്നു തിരക്കഥാകൃത്തു(ഇണപ്രാവുകൾ എന്ന ആ സീരിയൽ വെളിച്ചം കണ്ടില്ല) പൊൻമുടിയിൽ അതിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ശബരിയെ ഞാൻ ആദ്യമായി കാണുന്നത്
ആ മൂന്നു പേരിൽ ശബരി മാത്രമാണ് ഞാനുമായി സൗഹൃദമായത്. എന്നും കാണുന്നില്ലെങ്കിലും എന്റെ അന്നത്തെ പരാദീനതകൾ ശബരി തിരിച്ചറിഞ്ഞിരുന്നു. എറണാകുളത്തേക്ക് വർക്കിന് പോകാൻ കാശിനു ഞെരുങ്ങിയ ദിവസം, എന്റെ തിരുവനന്തപുരത്തെ വാടക വീടിനുമുന്നിൽ ശബരിയുടെ luxury കാറ് വന്നു നിന്ന്.
പിന്നീടും ശബരി എന്റെ കഷ്ടപാടുകളെ കാറിന്റെ ഇടത് സീറ്റിലിരുത്തി കൊണ്ടുപോയിട്ടുണ്ട്. ആദ്യമായി ഞാനൊരു വലിയ കാറിൽ കയറുന്നത് ശബരിയുടേതാണ്. ആദ്യമായി ഒരു വിലകൂടിയ മദ്യം ഞാൻ കഴിക്കുന്നത് ശബരി സമ്മാനിച്ചതാണ് (ശബരി മദ്യപിക്കാറില്ല) പടിപടിയായി ഞാൻ എഴുത്താണിയിൽ രക്തം മഷിയാക്കി പുരട്ടി എന്റെ കടങ്ങൾ വീട്ടി.
ബാങ്കിൽ അക്ഷരങ്ങളും പ്രതീക്ഷയും പണയം വച്ചു ഞാൻ ഒരു വീടുവച്ചപ്പോഴും ശബരി ഓടിവന്നു. എന്റെ വാടകവീട്ടിൽ ദുരിതങ്ങളിലേക്കിറങ്ങിവന്ന പഴയ കാറിലല്ലെന്നുമാത്രം. പക്ഷേ പഴയ അതേ ചിരിയിൽ ശബരി.
കഴിഞ്ഞ വർഷം എന്റെ സീത സീരിയലിലെ Dr.ശശികുമാറാവാൻ വന്നപ്പോഴും അതേ ചിരിയിൽ ശബരി. എന്റെ കൂട്ടിനും, കഥാപാത്രങ്ങൾക്കും വേണ്ടി കാത്തുനിൽക്കാതെ അവൻ പോയി. നെഞ്ചിലെ നീറ്റൽ കണ്ണിലേക്കു തുളുമ്പാതെ അവിടെത്തന്നെ കിടന്നു പിടയട്ടെ. ആദരാഞ്ജലികളില്ല..
2019 ഡിസമ്പർ 7 ആം തിയതി വൈകുന്നേരം 7 . 17 ന് ശബരിയേട്ടൻ വാട്സപ്പ് ചെയ്ത Pic ആണ് .
ഇപ്പോ എനിയ്ക്ക് തോന്നുന്നു ആ വെള്ളക്കുതിരയുടെ ചുമലിൽ ഏറി ആരേയും കൂട്ടാതെ ആരോടും യാത്ര പറയാതെ , കണ്ണെത്താ , നോക്കത്താ ദൂരത്തേയ്ക്ക് ഒരു യാത്ര പോയി എന്ന് ..ആദരാജ്ഞലികൾ പറയുന്നില്ല . പറയാൻ മനസ് അനുവദിയ്ക്കുന്നുമില്ല .