ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം, പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്! മാര്‍ച്ച് മാസത്തില്‍ കടയില്‍ കയറി മോഷ്ടിച്ചത് തേനും, ചോക്ലേറ്റും,ഈന്തപ്പഴവും! കഴിഞ്ഞ ദിവസം കടയ്ക്ക് മുന്നില്‍ കണ്ടെത്തിയ പൊതിയില്‍ ‘അനിയന്റെ’ വക 5000 രൂപയും മാപ്പപേക്ഷയും!

പാലക്കാട്; അലനല്ലൂരുകാരൻ ഉമ്മറിന്റെ കടയിൽ നിന്ന് ചില്ലറ മോഷണം നടക്കുന്നത് മാർച്ച് മാസത്തിലാണ് . ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേൻ, ചോക്ലേറ്റ്, കുപ്പികളിലെ ജ്യൂസ് എന്നിവ മോഷ്ടിച്ചത്.
പൊലീസിൽ പരാതി നൽകിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. പതിയെ മോഷണത്തെക്കുറിച്ച് ഉമ്മറും മറന്നു. എന്നാൽ കഴിഞ്ഞ ദിവസം കടതുറക്കാൻ എത്തിയ ഉമ്മറിനെ കാത്തിരുന്നത് ഒരു ചെറിയ പൊതിയായിരുന്നു. അതിനുള്ളിൽ 5000 രൂപയും ഒരു കത്തും.
മാസങ്ങൾക്ക് മുൻപ് മോഷ്ടിക്കാൻ കടയിൽ കയറിയ സംഘത്തിലുണ്ടായിരുന്ന ഒരു അനിയന്റേതായിരുന്നു കത്ത്. ബുദ്ധിമോശം കൊണ്ടു ചെയ്തു പോയതാണെന്നും ക്ഷമിക്കണമെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. മോഷ്ടിച്ച സാധനങ്ങളുടെ വിലയായിട്ടാണ് 5000 രൂപയും കത്തിനൊപ്പം വെച്ചത്.
‘‘കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ’’ കത്തിൽ കുറിച്ചു.
മാസങ്ങൾക്ക് ശേഷം തെറ്റ് ഏറ്റുപറയാൻ കാണിച്ച ആ മനസിന് ഉമ്മർ ‘പൊരുത്തപ്പെട്ടു’ കഴിഞ്ഞു. ഓടു പൊളിച്ചു വന്നയാൾ കൊണ്ടുപോയത് ഭക്ഷണസാധനങ്ങളാണ്. ഒരുപക്ഷേ, വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത് എന്നാണ് ഉമ്മർ പറയുന്നത്.