കോവിഡ് ബാധിച്ച ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് കിട്ടിയത്‌ വെള്ളത്തില്‍ വീണു മരിച്ച വളളിയുടെ മൃതദേഹം!

 കോവിഡ് ബാധിച്ച ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് കിട്ടിയത്‌ വെള്ളത്തില്‍ വീണു മരിച്ച വളളിയുടെ മൃതദേഹം!

പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു
പകരം വെള്ളത്തില്‍ വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ  മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് നല്‍കിയത് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം. സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.

രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരിക്കുന്നത്. പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്. ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ജീവനക്കാര്‍ വള്ളിയുടെ മൃതദേഹമാണ് നല്‍കിയത്. കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വള്ളിയുടെ മരണം വെള്ളത്തില്‍ വീണായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.

മൃതദേഹം മാറി നല്‍കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.