‘ലോസ് ബ്ലാൻകോസ്’; 10 രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപറേഷന്‍; രാജ്യാന്തര കുറ്റവാളിയെ പിടികൂടി ദുബായ് പൊലീസ്, സല്യൂട്ട്! 

 ‘ലോസ് ബ്ലാൻകോസ്’; 10 രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപറേഷന്‍; രാജ്യാന്തര കുറ്റവാളിയെ പിടികൂടി ദുബായ് പൊലീസ്, സല്യൂട്ട്! 

ദുബായ്: കോടികളുടെ ലഹരിമരുന്ന് കേസുകളിൽ ഇന്റർപോൾ അന്വേഷിച്ച് വരികയായിരുന്ന രാജ്യാന്തര മാഫിയാ തലവന്‍ അൽബേനിയക്കാരനായ ഡെനിസ് മതോഷിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി ലഹരിമരുന്നുമായി ബന്ധപ്പെട്ട ഒട്ടേറെ ക്രൂരകൃത്യങ്ങളിൽ പങ്കാളിയാണ്. തെക്കൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങൾക്കിടയിൽ ഇയാൾ 350 ദശലക്ഷം യൂറോ (1 ബില്യൻ 523 ദശലക്ഷം ദിർഹം) വിലമതിക്കുന്ന ലഹരി മരുന്ന് വ്യാപാരം നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു.

ലോസ് ബ്ലാൻകോസ് എന്ന രാജ്യാന്തര ഒാപറേഷനിലൂടെയാണ് ദുബായ് പൊലീസ് പ്രതിയെ വലയിലാക്കിയത്. ലഹരിമരുന്ന് വ്യാപാരത്തിനും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും പ്രതിയായ ഇയാൾക്ക് വേണ്ടി ഇറ്റാലിയൻ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 10 രാജ്യങ്ങളിലെ ലഹരിവിരുദ്ധ വിഭാഗങ്ങൾ ഒാപറേഷനിൽ പങ്കെടുത്തു. ഇതിന്റെ ഫലമായി പിടികിട്ടാപ്പുള്ളികളായ 20 സംഘത്തലവന്മാരെ പിടികൂടാനും സാധിച്ചു.

ഡെനിസ് മതോഷിയുടെയും മറ്റു പ്രതികളുടെയും അറസ്റ്റ് ചെയ്ത ദുബായ് പൊലീസിന്റെ കൃത്യനിർവഹണ മികവിനെ ഇറ്റാലിയൻ അധികൃതർ അഭിനന്ദിച്ചു.