ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മ വിറക് എടുത്ത് എറിഞ്ഞു, കൊല്ലത്ത് ഗൃഹനാഥന് ദാരുണാന്ത്യം

 ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മ വിറക് എടുത്ത് എറിഞ്ഞു, കൊല്ലത്ത് ഗൃഹനാഥന് ദാരുണാന്ത്യം

കൊല്ലം: വിറക് കമ്പ് കൊണ്ടുള്ള ഏറില്‍ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60)ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.

അയല്‍വാസിയും ബന്ധുവുമായ ലൈല(46)ന് എതിരെയാണ് കൊലക്കുറ്റത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തതിരിക്കുന്നത്.  ഓഗസ്റ്റ് 25ന് ആണ് സംഭവം. ഷാഫിയുടെ ഭാര്യ ലൈലയെ പ്രതി ലൈല അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യാന്‍ ഷാഫിയുടെ മകന്‍ ലൈലയുടെ വീട്ടിലെത്തി. ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ തടയാനെത്തിയ ഷാഫിയെ ലൈല വിറകുകമ്പു കൊണ്ട് എറിയുകയായിരുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇയാളെ വീട്ടിലേക്കയച്ചിരുന്നു. എന്നാല്‍  2 ദിവസം കഴിഞ്ഞ് അബോധവസ്ഥയിലായ ഷാഫിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വിറകുകമ്പ് എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.