തിങ്കളാഴ്ച്ച വൈകിട്ട് അനീഷ് ഭാര്യയെ വിളിച്ചത് 25ന് നാട്ടിലെത്തുമെന്ന് അറിയിക്കാന്‍; പറഞ്ഞതിലും നേരത്തെ അനീഷ് മടങ്ങിവരുമ്പോള്‍ തോരാത്ത കണ്ണീരുമായി ആശാനിവാസ്; കൊല്ലത്തിന്റെ ധീരയോദ്ധാവിന് അന്ത്യാഞ്ജലി

കടയ്ക്കൽ: രാജ്യത്തിനായി ജീവൻ ത്യജിച്ച വീരയോദ്ധാവിനായി കാത്തിരിക്കുകയാണു നാട്. വയലാ ആലുംമുക്കിൽ അനീഷ് തോമസിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്ററും ബോർഡുകളും നിരന്നു കഴിഞ്ഞു. വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വയലാ എൻവി യുപിഎസിലും പഠിച്ച അനീഷിന് സുഹൃത്തുക്കൾ ഏറെയുണ്ട്. നാട്ടിലെത്തുമ്പോൾ എല്ലാവർക്കും താങ്ങും തണലുമായിരുന്നു അനീഷ്.
ഇന്നു രാവിലെ 10.30ന് തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം 11.30ന് ശേഷം വയലായിലെ വീട്ടിൽ എത്തിക്കും. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം പൊതുദർശനം നിയന്ത്രണ വിധേയമായിരിക്കും. അന്തിമോപചാരത്തിനു ശേഷം മർത്തസ് മുനി ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം.
കത്തിച്ചു വച്ച മെഴുകുതിരിക്കു മുന്നിൽ അനീഷിന്റെ യൂണിഫോമിട്ട ചിത്രം. മുന്നിൽ മൃതദേഹം കിടത്താൻ ഒരുക്കിയ കട്ടിൽ. സമീപത്തു ദു:ഖം അടക്കാനാകാതെ അച്ഛൻ തോമസ്. അടുത്ത മുറിയിൽ വാവിട്ട് കരയുന്ന ഭാര്യ എമിലി, ഒന്നും അറിയാതെ മകൾ ഹന്ന. വയലാ ആലുംമുക്ക് ആശാഭവനിൽ ഇന്നലെ കണ്ണീർക്കാഴ്ചകളായിരുന്നു എങ്ങും.
തിങ്കളാഴ്ച വൈകിട്ട് അനീഷ് ഭാര്യ എമിലിയെ ഫോണിൽ വിളിച്ചിരുന്നു. ഏറെ നേരം സംസാരിച്ചു. 25ന് നാട്ടിലെത്താനുള്ള ഒരുക്കം തുടങ്ങിയെന്നു അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ എത്തിയതു മരണവാർത്തയാണ്. തളർന്നുപോയ അമ്മ അമ്മിണിയെയും അച്ഛൻ തോമസിനെയും അഞ്ചലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇവരെ വീട്ടിൽ എത്തിച്ചത്.
ബാംഗ്ലൂരിൽ കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തോമസ് നാട്ടിലെത്തി കൃഷി ജോലിയിലായിരുന്നു. അനീഷിന്റെ വരുമാനം ആയിരുന്നു ആശ്രയം. വയലാ എൻവി യുപിഎസിലും ഹയർ സെക്കൻഡറി സ്കൂളിലും പത്തനാപുരം യുഐടിയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അനീഷ് ആർമിയിൽ ചേർന്നത്.