മരണത്തോട് മല്ലടിച്ച് 45കാരി, ഫോണ്‍ വിളിയില്‍ മുഴുകി ഡോക്ടര്‍; ജീവന്‍ രക്ഷിക്കാന്‍ ഡോക്ടറോട് വഴക്കിട്ട് എസ്‌ഐ, ഒടുവില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യംം

ലക്‌നൗ: അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആശുപത്രി അധികൃതര്‍ . ചികിത്സ വൈകിയതിനെ തുടര്‍ന്ന് 45 കാരി മരിച്ചു.
ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീക്കും മകനും ചികിത്സ നിഷേധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ബദൗന്‍- ഇസ്ലാമ്‌നഗര്‍ ഹൈവേയിലാണ് അപകടം നടന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും പാറയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ എസ്‌ഐ സുശീല്‍ പവാറിന്റെ നേതൃത്വത്തില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് സ്ത്രീ മരിച്ചതെന്ന് എസ്പി സങ്കല്‍പ്പ് ശര്‍മ്മ പറഞ്ഞു.സ്ത്രീയെയും കുട്ടിയെയും പൊലീസിന്റെ ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ താമസം വരുത്തിയതായി എസ്പി ആരോപിച്ചു.
അടിയന്തര ചികിത്സ നല്‍കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥരുമായി ആശുപത്രി അധികൃതര്‍ വഴക്കിടുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ഡോക്ടര്‍ ഫോണില്‍ തിരക്കിലായിരുന്നു.
ഇത് ചോദ്യം ചെയ്ത പൊലീസുമായി ആശുപത്രി അധികൃതര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചതില്‍ എസ്‌ഐ നിരാശനായി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.