അവൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ച് ഉറങ്ങാതെ കിടന്നു; പച്ചവെള്ളം പോലും കുടിക്കാനാവാതെ.. രക്തം ഛർദ്ദിച്ച് 10 ദിവസം ; ഈ പ്രണയത്തിനു മുന്നിൽ ക്യാൻസറും തോറ്റു പോകും ! 

 അവൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ച് ഉറങ്ങാതെ കിടന്നു; പച്ചവെള്ളം പോലും കുടിക്കാനാവാതെ.. രക്തം ഛർദ്ദിച്ച് 10 ദിവസം ; ഈ പ്രണയത്തിനു മുന്നിൽ ക്യാൻസറും തോറ്റു പോകും ! 

ജീവിതത്തിലെ മനോഹരമായ സമയത്ത് കാൻസർ ബാധിച്ചിട്ടും ഭാര്യയെ ചേർത്ത് പോരാടിയ അഖിലും തോൽക്കാതെ കാൻസറിനോട് പൊരുതിയ രേഷ്മയുടെയും കഥ ഏതൊരു ക്യാൻസർ രോഗിക്കും പ്രചോദനമാണ്

ഇരുവരുടെയും ജീവിതം വെളിപ്പെടുത്തുന്ന വൈറല്‍ കുറിപ്പ് വായിക്കാം..

ഈ പ്രണയത്തിനു മുന്നിൽ ക്യാൻസറും തോറ്റു പോകും

ഇന്ന് സെപ്റ്റംബർ 12…ഷിബസിന് സന്തോഷ സുദിനം. ഞങ്ങളുടെ സ്വന്തം രേഷ്മ അഖിലിന്റെ ജന്മദിനമാണിന്ന്. നീട്ടികിട്ടിയ ജീവിതത്തിന്റെയും യുദ്ധം ജയിച്ച പോരാട്ട വീര്യത്തിന്റെയും ആലോഷമാണ് ഓരോ ജന്മദിനവും ഞങ്ങൾക്ക്.. ജീവന്റെ വില … ജീവിതത്തിന്റെ മുല്യം ഞങ്ങളോളം അറിഞ്ഞവർ ആരുമുണ്ടാവില്ല. അതു കൊണ്ടുതന്നെ അർമാദിക്കാൻ മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ… പാട്ടും ഡാൻസും തമാശകളുമായി ഷിബസ് ശബ്ദമുഖരിതം.. അപകട വളവുകളിലും അതിസമർത്ഥമായി വളയം പിടിച്ച് ഷിബസിനെ മുന്നോട്ടു കൊണ്ടുപോവുകയാണ് ബിന്ദു..

ആഘോഷവേളയുടെ ഇടവേളയിൽ ഞാൻ രേഷ്മക്കരികിലെത്തി. സ്വപനങ്ങളുടെ ചായക്കുട്ടുകൾകൊണ്ട് പ്രതീക്ഷയുടെ പുതു ചിത്രങ്ങൾ ക്യാൻവാസിലേക്ക് പകർത്തുകയാണവൾ.. അവളുടെ പ്രണയാർദ്രമായ കണ്ണൂകൾക്ക്‌ എന്നോട് എന്തോ മന്ത്രിക്കാനുള്ളതുപോലെ.. ഞാൻ കാതും കണ്ണും ഹൃദയവും തുറന്ന് അവൾക്കരികിലിരുന്നു..

പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു പത്തനംതിട്ടക്കാരിയായ രേഷ്മക്ക്. നല്ലൊരു ചിത്രകാരി കൂടിയായ അവൾ പ്ലസ് ടു കഴിഞ്ഞ് ആനിമേഷൻ കോഴ്സ് ചെയ്തു. പിന്നിട് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിൽ ഡിപ്ളോമ എടുത്തു.. കുറച്ചു നാൾ ഹെൽത്ത് ഇൻസ്പെക്ടറായി താൽകാലികാടിസ്ഥാനത്തിൽ ജോലി .

ഒപ്പം psc യുടെ റാങ്ക് ലിസ്റ്റിലും കയറിപറ്റി.ലിസ്റ്റിട്ട് കൊതിപ്പിച്ചിട്ട് ക്യാൻസൽ ചെയ്യുന്ന സർക്കാരിന്റെ പതിവ് കളിയിൽ ആ സ്വപ്നവും ക്യാൻസലായി.ഇതിനിടയിൽ രേഷ്മയുടെ മനസിന്റെ ക്യാൻവാസിൽ പതിഞ്ഞു പോയ ഒരു ചിത്രമുണ്ടായിരുന്നു വീഡിയോഗ്രാഫർ അഖിലിന്റെ..7 വർഷം നീണ്ട പ്രണയം.. ഒടുവിൽ 2015 ൽ തന്റെ 24 മത്തെ വയസ്സിൽ രേഷ്മയും അഖിലും വിവാഹിതരായി.. പ്രണയം ഒന്നുകൂടി തകൃതിയായി..

ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും പരസ്പരം മുറിവേൽപിക്കാതെ.. ആരേയും അസൂയപ്പെടുത്തുന്ന പ്രണയജോഡികളായി അവർ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോയി.. 2016ൽ സ്നേഹിക്കാൻ അവർക്കിടയിൽ ഒരാൾ കൂടി എത്തി.. ധ്യാൻ മഹേശ്വർ.. രേഷ്മയുടെ സ്വന്തം കുഞ്ഞുണ്ണി.മോന്റെ വരവിൽ സ്നേഹം പങ്കുവച്ചു പോകുമോ എന്ന ഭയം രണ്ടു പേരിലുമുണ്ടായിരുന്നില്ല. അത്രയേറെ അവർ പരസ്പരം അറിഞ്ഞിരുന്നു..

അംഗീകരിച്ചിരുന്നു.. പ്രണയിച്ചിരുന്നു…പ്രശ്നങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയാവുന്ന, നെഞ്ചോട് ചേർത്ത് പിടിച്ച് ഞാനില്ലേ നിന്റെ കൂടെ എന്ന് കാതിൽ മന്ത്രിക്കുന്ന ഒരാൾ കൂടെയുണ്ടായാൽ അയാൾ ഈ ലോകം തന്നെ കീഴടക്കും… രേ ഷ്മയുടെ അഖിലും വീഡിയോഗ്രാഫറിൽ നിന്നും സിനിമാറ്റോഗ്രാഫർ ആയി.. ഷോർട്ട് ഫിലിം എഡിറ്ററായി… അടൂർ ആർട്ട് കഫേ വെഡ്ഡിങ്ങ്സ് എന്ന പേരിൽ സ്വന്തമായി ഒരു സ്റ്റുഡിയോയും തുടങ്ങി..

കൂടുതൽ പഠിക്കാനുള്ള ആഗ്രഹത്തിൽ രേഷ്മ പാർട് ടൈമായി ഡിഗ്രിക്കും ചേർന്നു…ആരുടെയും ഹൃദയം കവരുന്ന ഇവരുടെ പ്രണയവും ജീവിതവും കണ്ട് ഈശ്വരന് തന്നെ അസൂയ തോന്നിയോ?? പ്രണയം മാറ്റുരച്ച് നോക്കാൻ ഈശ്വരൻ തീരുമാനിക്കുന്നു…2018 ആഗസ്റ്റ് ആയപ്പോഴേക്കും രേഷ്മക്ക് വിട്ടുമാറാത്ത ചെറിയ പനിയും തുമ്മലും ഉണ്ടാവുന്നു .. അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചു.

ബ്ലഡ് ടെസ്റ്റ് നടത്തി.ഹീമോ ഗ്ളോബിൻ 5 ആയി കുറഞ്ഞിരിക്കുന്നു.. അവിടെ നിന്ന് ഡോക്ടർ കുറച്ചു കൂടി സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലേക്ക് പോകാൻ നിർദ്ദേശിക്കുന്നു.. അങ്ങനെ തിരുവല്ല ബിലീവേഴ്സിൽ എത്തി. കൂടുതൽ ടെസ്റ്റുകൾ നടത്തി.

എൻഡോസ്കോപിയുംഅവിടെവച്ച് HB പിന്നെയും കുറഞ്ഞ് 4 ൽ എത്തി.ഒരടി മുന്നോട്ട് നടക്കാനാവാതെ ശരീരം തളർന്നു.. തല കറങ്ങുന്നു… അവിടെ തന്നെ അഡ്മിറ്റായി നാലഞ്ച് കുപ്പി രക്തം കയറ്റി. ഒരു വിധം തലനേരെ നിക്കാറായപ്പോൾ തിരിച്ച് വീട്ടിൽ എത്തി. എൻഡോസ്കോപിയുടെ റിസൾട്ട് വന്നപ്പോൾ ഡോക്ടർ വിളിച്ചു. രേഷ്മയേയും കൂട്ടി എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്താൻ ആവശ്യപ്പെട്ടു.

രേഷ്മക്ക് ഡിഗ്രിയുടെ പരീക്ഷയായിരുന്നു അന്ന്. അവൾ പരീക്ഷ എഴുതാൻ വാശി പിടിച്ചെങ്കിലും അത് പിന്നെ എഴുതാമെന്ന് പറഞ്ഞ് അഖിലും ആങ്ങളയും കൂടി രേഷ്മയെയും കൂട്ടി ആശുപത്രിയിലെത്തി.മറ്റൊരു ജീവിത പരീക്ഷയിലേക്കുള്ള വിളിയായിരുന്നു അതെന്ന് അവൾ ഒരിക്കലും നിനച്ചിരുന്നില്ലരേഷ്മയെ പുറത്തിരുത്തി ഡോക്ടർ അഖിലിനോടും സഹോദരനോടും സംസാരിച്ചു…pnet in pancreas അഥവാ primitive ectodermal tumour ..cancerous ആണ് .

നാലാം സ്റ്റേജ്..തളർന്ന മനസും നിറകണ്ണുകളുമായി ഇറങ്ങി വന്ന അഖിൽ തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവളുടെ മുഖത്തേക്ക് നോക്കാനാവാതെ അവൾക്കരികിൽ തളർന്നിരുന്നു.ആരും ഒന്നും സംസാരിച്ചില്ല.. രേഷ്മയേയും കൂട്ടി നേരെ ഓങ്കോളജി ഡോക്ടറുടെ ക്യാബിനിലെത്തി… അഖിലും സഹോദരനും നിശബ്ദരായപ്പോൾ രേഷ്മ എല്ലാം വിശദമായി ഡോക്ടറോട് ചോദിച്ചറിഞ്ഞു.

വളരെ അപൂർവമായി കണ്ടുവരുന്ന ക്യാൻസറാണ്. ഇത് ചികിത്സിക്കാൻ അമൃതയായിരിക്കും നല്ലതെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളൊന്ന് തളർന്നെങ്കിലും തന്റെ കണ്ണ് നിറഞ്ഞാൽ കൂടെ നിൽക്കുന്നവരുടെ ഹൃദയം തകരുമെന്ന തിരിച്ചറിവിൽ എല്ലാവരേയും ആശ്വസിപ്പിച്ച് ധൈര്യം പകർന്നു..’ഇതൊന്നും സാരമില്ല ഏട്ടാ.. നമുക്ക് വരുന്നിടത്ത് വച്ച് കാണാം..’ രേഷ്മയുടെ ഈ വാക്കുകൾ പാതി ചത്ത അഖിലിന്റെ മനസിന് ജീവനേകിഅമ്യത ഹോസ്പിറ്റലിൽ വീണ്ടും നിരവധി ടെസ്റ്റുകൾ നടത്തി.

ശ്വാസകോശത്തിലേക്ക് കൂടി ക്യാൻസർ വ്യാപിച്ചതിനാൽ കീമോചെയ്ത് ട്യൂമർ ചുരുക്കി കൊണ്ടുവന്നതിന് ശേഷം സർജറി നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു..4-5 ദിവസം നീണ്ടു നിൽക്കുന്ന 4 സൈക്കിൾ കീമോ കഴിഞ്ഞു.. സ്കാനിങ്ങിൽ കുറവൊന്നും കണ്ടില്ല.. വീണ്ടും 3 സൈക്കിൾ കൂടി ചെയ്തപ്പോൾ ശ്വാസകോശം ക്യാൻസർ വിമുക്തമായി..

അടുത്തത് സർജറി…ഡോ.സുധീന്ദ്രന്റെ നേതൃത്വത്തിൽ 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയ… ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ രേഷ്മ…ഹൈ ടോസ് കീമോയുടെ എല്ലാ പാർശ്വഫലങ്ങളും അവൾക്കുണ്ടായി… മുടി കൊഴിഞ്ഞു.. ശരീരമാകെ കറുത്ത് മെലിഞ്ഞു.. ഛർദ്ദിച്ച് അവശയായി.. എല്ലാം ഉപേക്ഷിച്ച് അഖിൽ അവൾക്കരികിലിരുന്നു..

അവൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ച് ഉറങ്ങാതെ കിടന്നു… ആ ഒരു ഊർജ്ജം രേഷ്മക്ക് എന്തിനേയും സധൈര്യം നേരിടാനുള്ള കരുത്തായി.പടം വരക്കാനുള്ള അവളുടെ ഇഷ്ടം… കഴിവ് അറിയാവുന്ന അഖിൽ അവൾക്കായി ക്യാൻവാന്നും ചായകൂട്ടുകളും ഒരുക്കി.. എല്ലാം മറന്നവൾ ചിത്രങ്ങൾ വരച്ചുകൂട്ടി… തന്റെ പ്രണയവും കണ്ണീരും വേദനയും എല്ലാം ബ്രഷിൽ ചാലിച്ചെടുക്കുമ്പോൾ അതിനോളം വലിയ പെയിൻ കില്ലർ മറ്റൊന്നില്ലാന്ന് അവൾ തിരിച്ചറിഞ്ഞു.

പാട്ടുകേൾക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളിൽ ഒരു ഗായിക കൂടി ഉണ്ടെന്നറിഞ്ഞ അഖിൽ പാട്ടു മൂളാൻ ഒരു ആപ്പും ഡൗൺലോഡ് ചെയ്ത് നൽകി. അതിലൂടെയവൾ പാടി പാടി തന്റെയുള്ളിലെ ഹീലിങ്ങ് എനർജിയെ ഉണർത്തി….കോലം കെട്ട കോലത്തിലും അഖിൽ രേഷ്മയെ ചേർത്ത് പിടിച്ച് ക്യാമറ ചലിപ്പിച്ചു.. ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത അതിമനോഹരമായ ആ ഫോട്ടോയ്ക്കടിയിൽ അവൻ ഇങ്ങനെ കുറിച്ചു..

” പ്രിയപ്പെട്ടവ പലതുമുണ്ടാവാം. എന്നാൽ എന്റെ ലോകത്ത് നിന്നോളം പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നില്ല..’ ഇത് മതിയായിരുന്നു…. ഇത് മാത്രം മതിയായിരുന്നു രേഷ്മക്ക് തിരിച്ചു വരാൻ.എത്ര ഉരച്ചാലും തങ്ങളുടെ പ്രണയത്തിന് മാറ്റ് കുടി വരികയേയുള്ളു എന്ന് അഖിൽ ഈശ്വരനോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നുസർജറിക്ക് ശേഷമുള്ള കീമോ രേഷ്മയെ വല്ലാതെ തളർത്തി കളഞ്ഞു.. എഴുന്നേൽക്കാനാവാതെ അവൾ കട്ടിലിൽ ചുരുണ്ടുകൂടി..

പച്ചവെള്ളം പോലും കുടിക്കാനാവാതെ.. രക്തം ഛർദ്ദിച്ച് 10 ദിവസം… അഖിലും അമ്മയും ഒരു കൊച്ചു കുട്ടിയെ നോക്കും പോലെ അവളെ പരിചരിച്ചു..അവളുടെ മലമൂത്ര വിസർജ്യങ്ങൾ സ്വന്തം കൈകളിൽ ഏറ്റുവാങ്ങാൻ അവൻ അറച്ചില്ല.. നിധി കാക്കും ഭൂതത്തെ പോലെ ഉറക്കമിളച്ച് അവൾക്ക് കാവലിരുന്നു.3 വയസ്സുള്ള കുഞ്ഞുണ്ണി അമ്മക്കരുകിൽ വന്നിരുന്ന് എന്റെ അമ്മയുടെ ഉവ്വാവ് മാറ്റണേന്ന് ഈശ്വരനോട് ഉറക്കെ ഉറക്കെ പ്രാർത്ഥിച്ചു..

ബന്ധുക്കളും സുഹൃത്തുക്കളും പൂജയും പ്രാർത്ഥനയും ഉചവാസവുമായി തങ്ങളുടെ പ്രിയപ്പെട്ട രേഷ്മക്കു വേണ്ടി ഈശ്വരനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു…തളർന്ന ശരീരത്തിലും തളരാത്ത മനസുമായി അവൾ പോരാടിക്കൊണ്ടിരുന്നു.. നെഞ്ചുരുകുന്ന വേദനയിലും അവൾ കരഞ്ഞില്ല.. ആരേയും കരയാനും അനുവദിച്ചില്ല. ഏത് ദുരന്തങ്ങളെയും പോസിറ്റീവായി കാണാൻ അവൾ പഠിച്ചിരുന്നു.

അഖിലിന്റെയും മോന്റെയും സാമീപ്യം മാത്രം മതിയായിരുന്നു അവൾക്ക് എഴുന്നേൽക്കാൻ…മെല്ലെ മെല്ലെ അഖിലിന്റെ വിരൽതുമ്പിൽ പിടിച്ചവൾ ചലിച്ചു തുടങ്ങി..9 സൈക്കിൾ ആയപ്പഴേക്കും കീമോ നിർത്തി.. ഇപ്പോൾ മണർകാടുള്ള ചെറിയാൻ ഡോക്ടറുടെ ഹോളിസ്റ്റിക് ട്രീറ്റ്മെന്റിലാണ്.. നല്ല മാറ്റമുണ്ട്. ആരേയും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന നിഷ്കളങ്കമായ ആ പഴയ ചിരി അവളിൽ തിരികെയെത്തിയിരിക്കുന്നു.

ആ ചിരിയുടെ പ്രകാശത്തിൽ അഖിലിന്റെ മുഖം വെട്ടി തിളങ്ങി. അവൾ ചിരിക്കുമ്പോൾ ശാന്തമാവുകയും അവളുടെ മുഖം വാടുമ്പോൾ കലങ്ങിമറിയുകയും ചെയ്യുന്ന പുഴയാണ് അവന്റെ മനസ്.അതിന്ന് ശാന്തമാണ്.കൂടെയുണ്ട് എന്ന് പറയാൻ മാത്രമല്ല കൂടെയായിരിക്കാൻ ഒരാൾ ഉണ്ടായാൽ മതി ഏത് തളർന്ന ശരീരവും ജീവൻ വയ്ക്കുമെന്ന് രേഷ്മ പറയുന്നു.രേഷ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് അഖിലും പറയുന്നു… .’.

ഇങ്ങനെ ചേർത്തു പിടിക്കാനും വേണം ഭാഗ്യം…’സമാനതകളില്ലാത്ത ഇവരുടെ അനശ്വര പ്രണയത്തിനു മുന്നിൽ പരീക്ഷണം അവസാനിപ്പിച്ച് ഈശ്വരൻ മടങ്ങട്ടെ..കുഞ്ഞുണ്ണിക്കൊപ്പം ഓടി കളിച്ചും അഖിലിന്റെ കൈ പിടിച്ച് യാത്ര ചെയ്തും അവൾ പുതു ജീവിതം ആസ്വദിക്കുകയാണ്..പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ് ലോ പറഞ്ഞത് എത്ര ശരി…’ തോൽക്കാൻ ഒരു പാട് കാരണങ്ങളുണ്ടാവാം… എന്നാൽ ജയിക്കാൻ ഒറ്റ കാരണം മതി- ജയിക്കണമെന്ന ആഗ്രഹം’ -ലിജി പന്തലാനി