തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചു, ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും ജീവനോടെ കത്തിച്ച് സ്വയം തീകൊളുത്തി ഗൃഹനാഥന്‍; ശ്രീകുമാറിന്റെ നൊമ്പരക്കുറിപ്പ് പുറത്ത്..; ശ്രദ്ധിക്കുക, ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല !

 തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചു, ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും ജീവനോടെ കത്തിച്ച് സ്വയം തീകൊളുത്തി ഗൃഹനാഥന്‍;  ശ്രീകുമാറിന്റെ നൊമ്പരക്കുറിപ്പ് പുറത്ത്..; ശ്രദ്ധിക്കുക, ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല !

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും ജീവനോടെ കത്തിച്ച് സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.പഠനത്തിൽ സമർത്ഥയായിരുന്ന അനന്ത ലക്ഷ്മി ഹൈദരാബാദിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയ അനന്ത ലക്ഷ്മി പിന്നെ മടങ്ങിയിരുന്നില്ല.

സാമ്പത്തികമായി ചിലർ വഞ്ചിച്ചുവെന്നു കുറിപ്പിൽ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു.

ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. കടബാധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു.

ഇന്നലെ പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് പുകയുയരുന്നതും ശ്രദ്ധയിൽപെട്ടു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)