സുപ്രധാന സമാധാന ഉടമ്പടി: ഒരു മാസത്തിനിടെ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചത് രണ്ടു പ്രധാന അറബ് രാജ്യങ്ങള്‍, യുഎഇയ്ക്കും ബഹ്‌റൈനും പിന്നാലെ ഒമാനും ഇതെ പാത പിന്തുടര്‍ന്നേക്കും

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന സമാധാന ഉടമ്പടി ഇസ്രയേല്‍ യുഎഇ ബഹ്റൈൻ രാജ്യങ്ങളുമായി ഒപ്പുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സയിദ് അൽ നഹ്യാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവെച്ചു.
കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസില്‍ വച്ച് നടന്ന സമാധാന ഉടമ്പടി ട്രംപിന് സഹായകരമാകുമെന്നാണ് നീരീക്ഷണങ്ങള്‍.
സമാധാന ഉടമ്പടിയില്‍ ദശാബ്ദ്ങ്ങളായുള്ള ഇസ്രയേൽ പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങള്‍ പലസ്തീനെ പിന്തുണയ്ക്കുമ്പോഴും ഇസ്രയേലുമായുള്ള സാധാരണ ബന്ധത്തിന് അത് തടസമാകരുത് എന്ന ധാരണയുണ്ടായത്ത് ട്രംപിന്റെ നേതൃത്വത്തിലാണ്
ഒരുമാസത്തിനിടെ രണ്ടു പ്രധാന അറബ് രാജ്യങ്ങളാണ് ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്‌റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. നയതന്ത്ര, സാമ്പത്തിക തലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് നെതന്യാഹു പറഞ്ഞു.