ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തക മലയാളി നഴ്‌സ്, അനുശോചിച്ച് ഒമാന്‍ ആരോഗ്യ മന്ത്രി; കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെടുന്ന ആദ്യ മലയാളി സ്ത്രീ

മസ്‌കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തക മലയാളി നഴ്‌സ്. പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ ബ്ലെസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും. കോവിഡ് മൂലം ഒമാനിൽ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലെസി.കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെടുന്ന ആദ്യ മലയാളി സ്ത്രീയുമാണ് ബ്ലെസി.
മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ബ്ലസിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി (37) ചൊവ്വാഴ്ചയാണ് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.
കോവിഡ് പ്രതിരോധത്തിലെ യഥാർഥ നായികയും ആത്മാര്‍ഥ പ്രവര്‍ത്തനത്തിന്റെ മാതൃകയുമാണ് ബ്ലെസിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയം ജീവനക്കാരും സഹപ്രവര്‍ത്തകരും ബ്ലെസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സിനാവ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഒരുമാസത്തോളം മുമ്പാണ് രോഗബാധിതയാകുന്നത്. തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് ബ്ലെസി.
ഇതുവരെ 26 മലയാളികളാണ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.