പ്രായം രണ്ട് വയസും നാല് മാസവും, ഇടം നേടിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും; അതും ഏഴ് കാറ്റഗറികളിൽ !

കൊച്ചി: രണ്ട് വയസ്സും നാല് മാസവുമാണ് ഈഥന് പ്രായം. എന്നാൽ ഇതിനിടയിൽ തന്നെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഈഥൻ ഇടംപിടിച്ച് കഴിഞ്ഞു. അതും ഏഴ് കാറ്റഗറികളിൽ.
ഇംഗ്ലീഷ് അക്ഷര രൂപങ്ങൾ ഇസഡ് മുതൽ എ വരെ ആറുമിനിറ്റ് 38 സെക്കൻഡ് കൊണ്ട് അറേഞ്ച് ചെയ്താണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഈഥൻ ഗ്രാൻഡ്മാസ്റ്ററായത്. ഇതുകൊണ്ടും തീർന്നില്ല. നൂറുമുതൽ ഒന്നുവരെ റിവേഴ്സ് കൗണ്ടിങ്, 15 മൃഗങ്ങളുടെ ശബ്ദം, 16 രൂപങ്ങൾ, 18 നിറങ്ങൾ, ഒന്നുമുതൽ 99 വരെ ഒറ്റ-ഇരട്ട അക്കങ്ങളുടെ അറിവ്, ഒന്നുമുതൽ 10 വരെ അക്കങ്ങളുടെ വർഗരാശി എന്നിവയിലും ഈഥൻ ഈ പ്രായത്തിൽ തന്നെ പുലിയാണ്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു.
മട്ടാഞ്ചേരി വീരമന വീട്ടിൽ അശ്വിൻ രാജുവിന്റെയും, ഹർഷ മാത്യുവിന്റേയും ഏക മകനാണ് ഈഥൻ. ഹൈദരാബാദിൽ ഹാർഡ്വെയർ എൻജിനീയറാണ് അശ്വിൻ. ഹർഷ കനറാ ബാങ്കിൽ മാനേജറും. 2018 മാർച്ച് 25നാണ് ഈഥന്റെ ജനനം.അഞ്ചുമാസം പ്രായമായത് മുതൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ കുഞ്ഞ് താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കഴിവ് ശ്രദ്ധിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ക്ലോക്ക്, ലിഫ്റ്റ്, ഫോൺ എന്നിവയിലേയെല്ലാം അക്കങ്ങൾ ഈഥന് കൗതുകമായിരുന്നു. ഒരുവയസ്സായപ്പോൾ തന്നെ വാക്കുകൾ ഉച്ചരിച്ചുതുടങ്ങി. വീട്ടുസാമഗ്രികൾ, നിറങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, രാജ്യങ്ങൾ, കറൻസികൾ, സംഗീത നോട്ടുകൾ എന്നിവയെല്ലാം എളുപ്പം തിരിച്ചറിയുന്നു. വീട്ടുചുവരുകളിലും വാതിലിലും അക്കങ്ങളെഴുതിയതോടെയാണ് റെക്കോർഡുകളിലേക്ക് ശ്രദ്ധിക്കുന്നതെന്നും കുടുംബം പറഞ്ഞു.