പറക്കും തളികകളും അന്യഗ്രഹ ജീവികളും ലോകത്തുണ്ടോ? ‘പറക്കും തളിക നേരിട്ടു കണ്ടു, യുദ്ധ വിമാനങ്ങള്‍ക്ക് പിടിതരാതെ അപ്രത്യക്ഷമായി’, വെളിപ്പെടുത്തി യുഎസ് നാവികൻ

 പറക്കും തളികകളും അന്യഗ്രഹ ജീവികളും ലോകത്തുണ്ടോ? ‘പറക്കും തളിക നേരിട്ടു കണ്ടു, യുദ്ധ വിമാനങ്ങള്‍ക്ക് പിടിതരാതെ അപ്രത്യക്ഷമായി’, വെളിപ്പെടുത്തി യുഎസ് നാവികൻ

പറക്കും തളികകളും അന്യഗ്രഹ ജീവികളും ലോകത്തുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ല. ഒരു വിഭാഗം പറക്കും തളികകളുണ്ട് അവയെ കണ്ടിട്ടുണ്ട് എന്നു പറയുമ്പോൾ മറുവിഭാഗം ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുന്നതാണ് പതിവ്. പക്ഷേ ഇപ്പോൾ പുറത്തുവന്ന അഭിമുഖം ഈ വാദങ്ങളെല്ലാം തിരുത്തുന്നതാണ്. പറക്കും തളിക പോലുള്ള വസ്തുവിനെ നേരിട്ടു കണ്ടുവെന്നാണ് യുഎസ് നേവി പൈലറ്റ് പറയുന്നത്. ഇക്കാര്യം നിരവധി നേവി പൈലറ്റുമാർ നേരത്തെ വെളിപ്പടുത്തിയ കാര്യം കൂടിയാണ്.

മുൻ യുഎസ് നേവി പൈലറ്റ് 2004 ൽ കലിഫോർണിയ തീരത്ത് യു‌എഫ്‌ഒ കണ്ടതായാണ് വെളിപ്പെടുത്തിയത്. കമാൻഡർ ഡേവിഡ് ഫ്രേവർ 2004 നവംബർ 10 ന് ആകാശത്ത് ഒരു ടിക് ടാക് ആകൃതിയിലുള്ള വസ്തുവിനെ കണ്ടുവെന്നാണ് പറഞ്ഞത്. അത് നേരത്തെ കണ്ടതു പോലുള്ള ഒരു വസ്തുവായിരുന്നില്ല. ആകാശത്ത് പ്രകാശം കണ്ടു, പിന്നീട് അത് അപ്രത്യക്ഷമായി.

പരിശീലനം ലഭിച്ച നാല് നിരീക്ഷകരൊപ്പം താനിത് വ്യക്തമായി കണ്ടുവെന്നും റഷ്യൻ-അമേരിക്കൻ യുട്യൂബറുമായുള്ള അഭിമുഖത്തിനിടെ ഫ്രേവർ പറഞ്ഞു. യുട്യൂബറും എംഐടി ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാൻ ആണ് അഭിമുഖം നടത്തിയത്.

പറക്കുന്ന വിചിത്ര വസ്തുക്കളെ സൈന്യത്തിന്റെ റഡാർ കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപരമായ നീക്കത്തിലൂടെ അപ്രത്യക്ഷമായെന്നും അദ്ദേഹം പറയുന്നു. റഡാറുകളുടെ പ്രവർത്തനത്തെ ഇല്ലാതാക്കുന്ന ഇലക്ട്രോണിക് ജാമിങ് തന്ത്രമാണ് വിചിത്ര വസ്തുക്കൾ പുറത്തെടുത്തതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. യുഎസ് നാവിക സേനയും യുഎഫ്ഒകളും സംബന്ധിച്ച് വിഡിയോ 2017 ൽ ചോർന്നിരുന്നു. പിന്നീട് വിശദീകരണവുമായി പെന്റഗൺ തന്നെ രംഗത്തുവന്നിരുന്നു.

2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. കപ്പലിലെ പുത്തന്‍ റഡാര്‍ സംവിധാനം പൊടുന്നനെ അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം കാണിച്ചു തുടങ്ങുകയായിരുന്നു.

ആദ്യം റഡാര്‍ സംവിധാനത്തിന്റെ തകരാറാണെന്നാണ് നാവികര്‍ കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റഡാറിലെ അസ്വാഭാവിക സാന്നിധ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വന്നു. 80000- 60000 അടി വരെ ഉയരത്തിലായിരുന്നു വിചിത്ര വസ്തുക്കൾ കണ്ടത്. 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുകൂടിയാണ് അവ സഞ്ചരിച്ചിരുന്നത്. പലപ്പോഴും 30,000 അടി വരെ താഴേക്ക് ഇവയെത്തിയെന്ന് റഡാര്‍ രേഖകള്‍ കാണിച്ചു.