ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാന്‍ ശ്രമം, ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം

കൊട്ടിയം: റംസിയുടെ മരണത്തില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ റംസിയുടെ കുടുംബം. ലക്ഷ്മിയെ രക്ഷിക്കാന്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ശ്രമം നടക്കുന്നതായി പിതാവ് റഹീം ആണ് ആരോപിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടി ലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും റംസിയുടെ പിതാവ് പറഞ്ഞു.കേസിൽ പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. കേസിൽ പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചത്.
ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവിൽ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുകയാണ്. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം പറഞ്ഞു.
അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ക്വാറന്റീനിൻ ആണെന്ന കാരണം പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണ്. തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും മറ്റ് പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണം തെറ്റായ രീതിയിൽ ആണ് എന്നതിന്റെ തെളിവാണെന്നും റഹീം പറയുന്നു. കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യപ്പെട്ടു.
റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്റെ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.