മുന്‍കൂര്‍ ജാമ്യം തേടി നടി ലക്ഷ്മി പ്രമോദ് ഹൈക്കോടതിയില്‍

 മുന്‍കൂര്‍ ജാമ്യം തേടി നടി ലക്ഷ്മി പ്രമോദ് ഹൈക്കോടതിയില്‍

കൊല്ലം : വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ യുവതി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

വളരെക്കാലം പ്രണയിക്കുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തശേഷം, കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്താണ് റംസി ജീവനൊടുക്കിയത്. ഗർഭിണിയായതോടെ മൂന്നാംമാസം കാമുകനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രവും നടത്തുകയായിരുന്നു.

വിവാഹത്തിന് മുന്നോടിയായി വളയിടല്‍ ചടങ്ങുകൾ അടക്കം നടത്തിയശേഷമായിരുന്നു കാമുകന്‍ ഹാരിസും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയത്. പള്ളിമുക്കിൽ ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ നിരവധി തവണ യുവാവ് റംസിയുടെ വീട്ടുകാരിൽ നിന്നും സ്വർണവും പണവും കൈപ്പറ്റിയിരുന്നു. റംസിയെ ഒഴിവാക്കി കൂടുതല്‍ സാമ്പത്തികശേഷിയുള്ള പെണ്‍കുട്ടിയുമായി വിവാഹം നടത്താനായിരുന്നു ഹാരിസും വീട്ടുകാരും പദ്ധതിയിട്ടത്.

റംസിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പദ്ധതിയിട്ടത് കാമുകന്‍ ഹാരിസിന്റെ സഹോദരന്റെ ഭാര്യ കൂടിയായ ലക്ഷ്മി പ്രമോദാണെന്ന് റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവില്‍ പോയത്. കേസില്‍ പ്രതി ഹാരിസ് റിമാന്‍ഡിലാണ്.