അതിദാരുണം, അമ്മയുമായുള്ള അച്ഛന്റെ വഴക്ക് അവസാനിച്ചത് കുഞ്ഞിന്റെ മരണത്തില്‍; 3 വയസ്സുകാരിയെ അച്ഛന്‍ കൊന്നത് നിലത്തടിച്ച്

ലക്‌നൗ: യുപിയില്‍ അമ്മയുമായുള്ള അച്ഛന്റെ വഴക്ക് അവസാനിച്ചത് കുഞ്ഞിന്റെ മരണത്തിലാണ്. 3 വയസ്സുകാരിയ്ക്കാണ് സ്വന്തം പിതാവിന്റെ കൈകളാല്‍ ദാരുണ മരണം സംഭവിച്ചത്. ദമ്പതികള്‍ തമ്മിലുളള അടിപിടിക്കിടെയാണ് കുട്ടി ദാരുണമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കിടാറുണ്ടെന്നും പ്രതി മദ്യപാനിയാണെന്നും നാട്ടുകാര്‍ പറയുന്നു.ഇരുവരും തമ്മിലുളള വഴക്കിനിടെ, അച്ഛന്‍ മൂന്ന് വയസുകാരിയെ നിലത്തടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടിപിടിക്കിടെ, ഭാര്യയ്ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി മരിച്ച നിലയിലായിരുന്നു. സംഭവ ശേഷം പ്രതി അമിത് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനുളള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം അമിത് ഭാര്യയുടെ വീട്ടില്‍ വിളിച്ച് കുട്ടി മരിച്ച വിവരം അറിയിച്ചിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് കുട്ടി മരിച്ചുപോയതെന്നാണ് അറിയിച്ചിരുന്നത്.