സ്വപ്‌നയ്ക്ക് നാളെ ആന്‍ജിയോഗ്രാം! മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ ഫോണ്‍വിളിച്ചത് ആരെയെന്നും അന്വേഷണം

 സ്വപ്‌നയ്ക്ക് നാളെ  ആന്‍ജിയോഗ്രാം! മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ ഫോണ്‍വിളിച്ചത് ആരെയെന്നും അന്വേഷണം

കൊച്ചി : നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സ്വപ്‌ന സുരേഷിന് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. ഹൃദയത്തിലേക്കുള്ള രക്തധമനിയില്‍ തടസ്സമുണ്ടോയെന്ന് പരിശോധിക്കും. കേസിലെ മറ്റൊരു പ്രതി കെ ടി റമീസിനെ നാളെ എന്‍ഡോസ്‌കോപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ സ്വപ്‌ന സുരേഷിന് ഫോണ്‍ ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍, വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരോട് വിശദീകരണം തേടി. ഒരു ജൂനിയര്‍ നഴ്‌സിന്റെ മൊബൈല്‍ഫോണില്‍ നിന്നും ആരെയോ വിളിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയിലെ ജീവനക്കാരോട് സൂപ്രണ്ട് അതുസംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. സ്വപ്‌നയുടെ ഫോണ്‍വിളി ആരോപണത്തില്‍ എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നാണ് സൂചന.