ജിഷയുടെ അമ്മ രാജേശ്വരിക്ക് 12 തവണയായി 40 ലക്ഷം രൂപ കൈമാറിയെന്ന് ജില്ലാ ഭരണകൂടം; പലഘട്ടങ്ങളിലായി രാജേശ്വരിക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങളും പുറത്ത്

 ജിഷയുടെ അമ്മ രാജേശ്വരിക്ക് 12 തവണയായി 40 ലക്ഷം രൂപ കൈമാറിയെന്ന് ജില്ലാ ഭരണകൂടം; പലഘട്ടങ്ങളിലായി രാജേശ്വരിക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങളും പുറത്ത്

കൊച്ചി: കേരളത്തെ ഞെട്ടിച്ച അരുംകൊലയായിരുന്നു പെരുമ്പാവൂരിലെ ജിഷയുടേത്. കേസില്‍ പ്രതിയായ അമീറുള്‍ ഇസ്ലാം ജയിലിലാണ്. 2016 ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. ഡല്‍ഹിയിലെ നിര്‍ഭയയെ ഓര്‍മ്മിപ്പിക്കും വിധം അതിക്രൂരമായാണ് കൊലയാളി ജിഷയുടെ ജീവനെടുത്തത്.

ജിഷയുടെ കുടുംബത്തിന് നല്‍കേണ്ട മു‍ഴുവന്‍ സഹായനിധിയും നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപയാണ് സഹായനിധിയിൽ ഉണ്ടായിരുന്നത്.

ജില്ലാ കളക്ടറുടെയും ജിഷയുടെ അമ്മ കെ കെ രാജേശ്വരിയുടേയും പേരിൽ എസ്ബിഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിന്‍റ് അക്കൗണ്ട് തുറന്നാണ് സഹായനിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ കെ രാജേശ്വരിക്ക് നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പലഘട്ടങ്ങളിലായി കെ കെ രാജേശ്വരിക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2016 ജൂൺ 3- 25,000, 2016 ജൂൺ 4 – 5 ലക്ഷം, 2016 ജൂൺ 23- 3 ലക്ഷം, 2016 ജൂലൈ 18 – 3,36,309, 2016 ജൂലൈ 18 – 1,345, 2016 ഓഗസ്റ്റ് 16- 1,12,000, 2016 ഓഗസ്റ്റ് 16- 16 ലക്ഷം, 2019 ഏപ്രിൽ 12-2.5 ലക്ഷം, 2019 ഏപ്രിൽ 29- 1 ലക്ഷം, 2019 ജൂലൈ 26 – 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ – 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത്.