ചിലര്‍ അങ്ങനെയാണ്…കാഴ്ചയില്‍ വെറും സാധാരണക്കാരന്‍, പക്ഷെ ചെയ്യുന്നത് അസാധാരണ പ്രവൃത്തികളും; 30 വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് നിര്‍മ്മിച്ചത് 3 കിലോമീറ്റര്‍ നീളമുള്ള കനാല്‍, ബീഹാറിലെ ലോങ്കി വെറെ ലവലാണ് !

 ചിലര്‍ അങ്ങനെയാണ്…കാഴ്ചയില്‍ വെറും സാധാരണക്കാരന്‍, പക്ഷെ ചെയ്യുന്നത് അസാധാരണ പ്രവൃത്തികളും; 30 വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് നിര്‍മ്മിച്ചത് 3 കിലോമീറ്റര്‍ നീളമുള്ള കനാല്‍, ബീഹാറിലെ ലോങ്കി വെറെ ലവലാണ് !

22 വര്‍ഷം കൊണ്ട് ഒരു മല തുരന്ന് 110 മീറ്റര്‍ റോഡ് വെട്ടിയ ബിഹാറുകാരന്‍ ദശരഥ് മാഞ്ചിയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. രാജ്യം മുഴുവന്‍ വാഴ്ത്തിയ പ്രവൃത്തിയായിരുന്നു അത്. ഭാര്യയുടെ ജീവനും മരണത്തിനുമിടെ വിലങ്ങുതടിയായി നിന്ന മലയെ കൈക്കോട്ടും പിക്കാസുംകൊണ്ട് കീഴടക്കാൻ ദശരഥിന് വേണ്ടിവന്നത് 22 വർഷം.

ഇപ്പോള്‍ സമാനമായ മറ്റൊരു വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് കേള്‍ക്കുന്നത്. കോതില്‍വാ ഗ്രാമത്തിലെ ലോങ്കി ഭുയാന്‍ ആണ് പുതുതായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.ചുറ്റും മലനിരകളും കാടും തിങ്ങിനിറഞ്ഞ പ്രദേശമാണ് കോതില്‍വാ ഗ്രാമം. മലനിരകളില്‍ മഴപെയ്യുമ്പോള്‍ കുത്തിയൊലിച്ചു പോകുന്ന വെള്ളം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ലോങ്കി ചിന്തിച്ചത്.

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് കോതില്‍വാ ഗ്രാമത്തിലെ കര്‍ഷകരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളില്‍ പലരും കൃഷി ഉപേക്ഷിച്ചു. ഗ്രാമീണര്‍ തൊഴില്‍ തേടി നഗരങ്ങളിലേക്കു പോയപ്പോള്‍ ലോങ്കി ഭുയാന്‍ തന്റെ കാലികളുമായി കാട്ടിലേക്കാണു പോയത്.

പശുക്കളെ മേയാന്‍ വിട്ടിട്ട് ലോങ്കി മലഞ്ചെരുവുകളില്‍ നിന്ന് കനാല്‍ വെട്ടിയൊരുക്കാന്‍ തുടങ്ങി. 30 വര്‍ഷം കൊണ്ടാണ് ലോങ്കി മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍ മലഞ്ചെരിവിലൂടെ താഴ്വരയിലേക്ക് വെട്ടിത്തെളിച്ചത്. മഴക്കാലത്തു മലനിരകളില്‍ നിന്നു കുത്തിയൊലിച്ചു പോകാറുള്ള വെള്ളം ഇപ്പോള്‍ ഈ കനാലിലൂടെ താഴ്വരയിലുള്ള കുളത്തില്‍ സംഭരിക്കപ്പെടുന്നു. ഇക്കാലമത്രയും ഒറ്റയ്ക്കായിരുന്നു ഈ മനുഷ്യന്‍ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായി പ്രയത്‌നിച്ചത്. നാടിനും നാട്ടുകാര്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും തെളിനീര്‍ച്ചോലയാണ് ഇന്ന് ലോങ്കിയുടെ കനാല്‍. വേനലില്‍ ജലസമൃദ്ധിയുള്ള കുളവും.

ഭാര്യയുടെ ജീവനെടുത്ത മല തുരന്ന് വഴിയുണ്ടാക്കിയ ഒരു മനുഷ്യൻ- ദശരഥ് മാഞ്ചിയുടെ കഥ

ദശരഥ് മാഞ്ചിയെന്ന സാധാരണക്കാരന് തന്റെ ഭാര്യയുടെ സ്മാരകമായി തീർത്തത് ഒരു വഴിയാണ്. ഭാര്യയുടെ ജീവനും മരണത്തിനുമിടെ വിലങ്ങുതടിയായി നിന്ന മലയെ കൈക്കോട്ടും പിക്കാസുംകൊണ്ട് കീഴടക്കാൻ ദശരഥിന് വേണ്ടിവന്നത് 22 വർഷം.

ബിഹാറിലെ ആർടി ബ്ലോക്ഗയയിലുളള അതിപ്രാകൃതമായ പ്രദേശത്താണ്‌ ദശരഥ്‌ മാഞ്ചിയുടെ ജനനം. മുസാഹരസ്‌ എന്ന തൊഴിലാളി വിഭാഗങ്ങൾ മാത്രം അതിവസിക്കുന്ന താഴ്‌വര. 1960കളിൽ ഇവർക്ക്‌ ജലസൗകര്യം, വൈദ്യുതി, സ്കൂൾ, ആശുപത്രി തുടങ്ങിയ യാതൊരു സേവനങ്ങളും ലഭിച്ചിരുന്നില്ല. 360 അടി ഉയരമുളള ഒരു കൂറ്റൻ മലനിര ഇവരെ പൊതുസമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്തി.

എല്ലാ ആവശ്യങ്ങൾക്കും മലയുടെ എതിർവശത്തെ ആശ്രയിക്കുകയെന്ന ഇവരുടെ അവസ്ഥ ഏറെ ദുസഹമായിരുന്നു. എല്ലാ മുസാഹർ തൊഴിലാളികളെയുംപോലെ മാഞ്ചിയും തൊഴിലിനായി കൂറ്റൻ മലയുടെ മറുവശത്തെ ആശ്രയിച്ചിരുന്നു. ഇവിടെയുളള ക്വാറികളിലും കൂലിപ്പണികളിലുമാണ്‌ പ്രദേശവാസികൾ നിത്യചിലവ്‌ നടത്തിയിരുന്നത്‌.

മാഞ്ചി അതിരാവിലെ ജോലിക്കായി പുറപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ ഫഗുനി ഉച്ചനേരത്ത്‌ ഭക്ഷണവുമായി ജോലിസ്ഥലത്ത്‌ എത്തിച്ചേരും. കടുത്ത ജോലിയും വിശ്രമമില്ലായ്മയും ഉച്ചയാകുമ്പോൾ മാഞ്ചിയെ തളർത്തും. പിന്നെ ഭാര്യയുടെ വരവിനായി വിശന്ന്‌ കാത്തിരിക്കും. പാറക്കെട്ടുകളും മരങ്ങളും ഇഴജന്തുക്കളും നിറഞ്ഞ മലമുകളിലൂടെയാണ്‌ ഫഗുനി ഉച്ചഭക്ഷണവുമായി എത്തുക.

1959-ലാണ് ദശരഥിന്റെ ഭാര്യ ഫാൽഗുനി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഫാൽഗുനി രക്തം വാർന്ന് മരിക്കുകയായിരുന്നു. ദശരഥിന്റെ ഗ്രാമത്തിൽനിന്ന് അടുത്തുള്ള ആശുപത്രിയിലെത്തണമെങ്കിൽ 55 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. അതാകട്ടെ, വലിയൊരു മലകടന്നുവേണം പോകുവാനും. ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഭാര്യയുടെ മരണം കണ്ടുനിൽക്കേണ്ടിവന്ന ദശരഥ് അന്നൊരു തീരുമാനമെടുത്തു. ഇനിയാർക്കും ഇങ്ങനെയൊരു ദുർഗതി വരരുത്.

ഭാര്യയുടെ മരണത്തില്‍ വിലപിച്ചിരിക്കാതെ, ദശരഥ് കൈക്കോട്ടും പിക്കാസുമെടുത്ത് ഇറങ്ങി. മല തുരന്ന് നേരിട്ടൊരു വഴിയുണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. കണ്ടുനിന്നവര്‍ ദശരഥിന് ഭ്രാന്താണെന്നുവരെ പറഞ്ഞു. എന്നാല്‍, 22 വര്‍ഷത്തെ കഠിനാധ്വാത്തിലൂടെ ആ ലക്ഷ്യം ദശരഥ് സാധിച്ചു. മലയെ രണ്ടായി പിളര്‍ത്തിയ ദശരഥ് മാഞ്ചി അവിടെയൊരു വഴിയുണ്ടാക്കി.

110 മീറ്റര്‍ നീളമുള്ള വഴിക്ക് പലയിടത്തും ഒമ്പത് മീറ്ററോളം വീതിയുണ്ടായിരുന്നു. ദശരഥ് തീര്‍ത്ത വഴികണ്ട് ബിഹാര്‍ സര്‍ക്കാര്‍ പോലും അമ്പരന്നു. കിഴക്കന്‍ ബിഹാറിലെ മലയോര ഗ്രാമത്തിലെ ഈ അധ്വാനത്തെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദശരഥ് തീര്‍ത്ത കല്ലുവെട്ടുവഴി ഒരു ടാര്‍ റോഡാക്കി മാറ്റി. അതിന് മൂന്ന് പതിറ്റാണ്ടോളം വേണ്ടിവന്നുവെന്ന് മാത്രം.

അറുപതോളം ഗ്രാമങ്ങളിലായി താമസിക്കുന്നവർ വഴിയുടെ പ്രയോജനം അനുഭവിക്കുന്നുണ്ട്‌. കുട്ടികൾക്ക്‌ സ്കൂളിലേയ്ക്കുളള ദൂരം ദുർഘടം പിടിച്ച 75 കിലോമീറ്ററിൽനിന്ന്‌ സുഗമമായി മൂന്ന്‌ കിലോമീറ്ററായി മാറി. ദശരഥ്‌ മാഞ്ചിദാസ്‌ എന്ന മഹാമനുഷ്യനെ ‘ബാബ’യെന്ന്‌ ആദരപൂർവം സമൂഹം വിളിച്ചുതുടങ്ങി. മലയെ കീഴ്പ്പെടുത്തിയ മഹാമനുഷ്യൻ തന്റെ പോരാട്ടങ്ങൾ അവിടെ അവസാനിപ്പിച്ചില്ല.

തന്റെ ഗ്രാമവാസികൾക്കായി നിർമിച്ച റോഡ്‌ ടാർ ചെയ്യുന്നതിനും പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേയ്ക്കുളള റെയിൽപാതയിലൂടെ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു. ആ യാത്ര ചെന്നവസാനിച്ചത് അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ അടുത്തായിരുന്നു.

കണ്ടയുടനെ മാഞ്ചിയെ ആശ്ലേഷിച്ച നിതീഷ്കുമാർ അദ്ദേഹത്തെ തന്റെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തി. നിറകണ്ണുകളുമായി കസേരയിലിരുന്ന ബാബയ്ക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്‌.

2007 ൽ ദശരഥ്‌ മാഞ്ചി എന്ന ആ മനുഷ്യസ്നേഹി ഈ ലോകത്തോട് വിടപറഞ്ഞു. ഇദ്ദേഹത്തിന്റെ കഥയാണ് പിൽക്കാലത്ത് ബോളിവുഡ് സംവിധായകനായ കേതൻ മേത്ത സംവിധാനം ചെയ്ത് നവാസുദീൻ സിദിഖി കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘മാഞ്ചി :ദ മൗണ്ടന്‍ മാന്‍’ എന്ന സിനിമയ്ക്ക് ആധാരം.

താജ്മഹല്‍ ഷാജഹാന്‍ തൊഴിലാളികളെക്കൊണ്ട് പണിയിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം സ്വന്തം കൈകൊണ്ടാണ് അദ്ധ്വാനിച്ചത്. ഇത്രത്തോളം ഇല്ലെങ്കിലും സ്വന്തം ഭാര്യയുടെ വിലയറിഞ്ഞ് ഒരു നല്ലവാക്ക് പറഞ്ഞാല്‍ നമ്മുടെ കുറെ കേസ് കുടുംബകോടതിയിലെ തീരും.