അറിയാമോ, കേരളത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ട് കൊല്ലത്താണെന്ന്! ആ ചരിത്രം അറിഞ്ഞോളൂ!

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കൊച്ചി – വില്ലിംഗ്ടൺ ഐലന്റ്, കരിപ്പൂർ, കണ്ണൂർ എന്നിങ്ങനെ കേരളത്തില്‍ അഞ്ചു വിമാനത്താവളങ്ങളാണ് നിലവിലുള്ളത്.എന്നാൽ ഈ എയർപോർട്ടുകളെല്ലാം വരുന്നതിനു മുൻപ് ഒരു എയർപോർട്ട് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു, അന്നത്തെ ഏറ്റവും വലിയ നഗരവും വ്യാവസായിക ആസ്ഥാനവുമായിരുന്ന കൊല്ലം നഗരത്തിലായിരുന്നു ആ എയര്‍പോര്‍ട്ട് സ്ഥിതിചെയ്തിരുന്നത്.
തിരുവിതാംകൂര്‍ മഹാരാജാവായാലും, കൊച്ചി രാജാവായാലും, കോഴിക്കോട് സാമൂതിരി ആയാലും, അന്നത്തെകാലത്ത് വിമാനം കേറണമെങ്കില്‍ കൊല്ലം നഗരത്തില്‍ വരണമായിരുന്നു. 1930 കളുടെ തുടക്കം വരെ കൊല്ലം നഗരഹൃദയത്തിലെ ആശ്രാമത്തുള്ള ‘ക്വയ്ലോണ്‍ എയര്‍പോര്‍ട്ട്’ ആയിരുന്നു അന്നത്തെ കേരളാ തീരത്തെ (അന്ന് കേരളം പിറന്നിട്ടില്ല) ഏക എയര്‍പോര്‍ട്ട്. 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമായിരുന്നു അത്.
കൊല്ലത്ത് എച്ച്. ആന്റ്.സിയിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരാണ് ആദ്യമായി വിമാനം കൊണ്ടുവന്നത്. പിന്നീട് ധാരാളം ചെറിയ വിമാനങ്ങള്‍ ഇറങ്ങി. അതൊരു വലിയ സംഭവമായിരുന്നു. കൊല്ലത്ത് ഇറങ്ങിയ വിമാനം കാണുവാൻ മധ്യതിരുവിതാംകൂറിൻ്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങളെത്തിയിരുന്നു. അഞ്ചു രൂപാ ടിക്കറ്റെടുത്തവർക്ക് വിമാനത്തിൽ പറക്കുവാൻ അവസരം ലഭിച്ചതായും പഴമക്കാർ ഓർത്തെടുക്കുന്നു.
1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് സ്ഥാപിതമായി. ഇതോടെ കാലക്രമേണ ആശ്രാമം വിമാനത്താവളത്തിന്റെ പ്രധാന്യം കുറഞ്ഞു വന്നു. പിന്നീട് 1935 ൽ തിരുവനന്തപുരം എയർപോർട്ട് സജീവമായി പ്രവർത്തനമാരംഭിച്ചതോടെ കൊല്ലം എയര്‍പോര്‍ട്ട് ചരിത്രത്തിന്‍റെ ഭാഗമായി മാറി. എങ്കിലും അവിടത്തെ ഹെലിപ്പാഡ് ഇന്നും അവശേഷിക്കുന്നു. കൊല്ലം ജില്ലയിലെത്തുന്ന വിഐപികൾ ഇവിടെയാണ് ഹെലികോപ്‌റ്റർ ഇറങ്ങാറ്.