ഓടിയെത്തി എടുക്കാന്‍ ശ്രമിച്ചിട്ടും പിടിവിട്ടു, ആലപ്പുഴ കടല്‍ത്തീരത്ത് രണ്ടു വയസ്സുകാരന്‍ തിരയില്‍ ഒഴുകി പോയി, പ്രാര്‍ത്ഥനയോടെ നാട്‌

 ഓടിയെത്തി എടുക്കാന്‍ ശ്രമിച്ചിട്ടും പിടിവിട്ടു, ആലപ്പുഴ കടല്‍ത്തീരത്ത് രണ്ടു വയസ്സുകാരന്‍ തിരയില്‍ ഒഴുകി പോയി, പ്രാര്‍ത്ഥനയോടെ നാട്‌

ആലപ്പുഴ : ആലപ്പുഴ കടല്‍ത്തീരത്ത് രണ്ടു വയസ്സുകാരന്‍ തിരയില്‍ ഒഴുകി പോയി. കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം. പാലക്കാട് വടക്കഞ്ചേരി കിഴക്ക‍ഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ – അനിത ദമ്പതികളുടെ ഇളയ മകൻ ആദി കൃഷ്ണനെയാണ് കാണാതായത്.

കുട്ടി തിരയിൽപെടുന്നതു കണ്ട് ബന്ധു ഓടിയെത്തി എടുക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ടു പോവുകയായിരുന്നു.ഇഎസ്ഐ ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.

തൃശൂർ ചുവന്നമണ്ണ് പൂവൻചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു അനിതയും മക്കളും.

കടൽ കാണിക്കാൻ സന്ധ്യയുടെ ഭർത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവരെ കാറിൽ കയറ്റി കൊണ്ടുപോയത്. ശക്തമായ മഴയുണ്ടായിരുന്നു. കടലും പ്രക്ഷുബ്ധമായിരുന്നു.

കുട്ടികൾ കളിക്കുന്നതിനിടെ ആദി കൃഷ്ണൻ തിരയിൽപ്പെട്ടു. കാർ മാറ്റിയിടാൻ പോയ ബിനു തിരികെ വരുമ്പോൾ കുട്ടി തിരയിൽപ്പെടുന്നത് കണ്ട് ഓടിയെത്തി കുട്ടിയെ എടുത്തെങ്കിലും ശക്തമായ തിരയിൽ കുട്ടി തെറിച്ചു കടലിലേക്കു വീഴുകയായിരുന്നു.

പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കാര്യമായ തിരച്ചിൽ നടത്താനായില്ല.