പരമാവധി പണം ഊറ്റിയെടുത്തു, എല്ലാം കഴിഞ്ഞ് ഇനി ഒന്നും കിട്ടാനില്ലെന്നറിഞ്ഞപ്പോള്‍ അവളെ വേണ്ടെന്നു വച്ചു; റംസിയുടെ ഓര്‍മ്മയില്‍ നെഞ്ചുനീറി കുടുംബം

കൊല്ലം: ദിവസങ്ങള്‍ക്കു മുമ്പാണ് കൊല്ലത്ത് സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരന്റെ വഞ്ചനയില്‍ മനം നൊന്ത് റംസി എന്ന യുവതി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടിയും കുടുംബവുമാണ് ആരോപണനിഴലില്‍ നില്‍ക്കുന്നത്.
ഹാരിസിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കളും സഹോദരിയും ഉന്നയിക്കുന്നത്. പരമാവധി പണം ഹാരിസ് ഊറ്റിയെടുത്തെന്നും എല്ലാം കഴിഞ്ഞ് ഇനിയൊന്നും കൊടുക്കാനില്ലെന്നറിഞ്ഞപ്പോൾ വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും റംസിയുടെ സഹോദരി അന്‍സി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘റംസിക്ക് ഒരുപാട് ആലോചനകള്‍ വന്നതാണ്. പക്ഷേ ഹാരിസിനെ മാത്രം മതിയെന്ന് അവൾ പറഞ്ഞു. അവൾക്ക് വരുന്ന ആലോചനകളെല്ലാം ഹാരിസും മുടക്കിയിരുന്നു. ഞങ്ങൾ ലോൺ എടുത്തിട്ടാണ് അവന് പൈസ കൊടുത്തിരുന്നത്. അവൾക്ക് വേണ്ടി കരുതിയിരുന്ന സ്വർണം ആദ്യമേ കട തുടങ്ങാൻ എന്നും പറഞ്ഞ് വാങ്ങി.
ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി. പണയംവച്ച സ്വർണം എടുത്തു തരാമെന്ന് പറഞ്ഞ് ഒരുപാട് പറ്റിച്ചു. ഞങ്ങളിൽനിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാൻ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങൾക്ക് ഒന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ അവൻ എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞ.’ അൻസിയുടെ വാക്കുകൾ ഇടറി.
‘അവൾ മരിക്കാൻ പോകുവാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും ഹാരിസിന്റെ ഉമ്മയോട് വരെ പറഞ്ഞതാണ്. അപ്പോൾ പോലും ആ സ്ത്രീ കുലുങ്ങിയില്ല. അവൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണും. അവരെ സ്ത്രീയെന്ന് വിളിക്കാനാകുമോ? അവരെല്ലാം കൂട്ട് നിന്നാണ് അവളുടെ വയറ്റിലെ കുഞ്ഞിനെ കളഞ്ഞത്. ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കിൽ ഇത്തായെ വേണ്ടെന്ന് പറയുമായിരുന്നോ?’ അൻസി ചോദിച്ചു.