പാട്ടുപാടി വിളിക്കുന്ന നാട്, ഇവിടെ ജീവിക്കുന്നവര്‍ക്കാര്‍ക്കും പേരില്ല !

 പാട്ടുപാടി വിളിക്കുന്ന നാട്, ഇവിടെ ജീവിക്കുന്നവര്‍ക്കാര്‍ക്കും പേരില്ല !

കോങ്തോങ്, കാടുകളാലും മലകളാലും ചുറ്റിക്കിടക്കുന്ന ശാന്തസുന്ദരമായായ നാട് . വനത്തെയും കന്നുകാലി വളര്‍ത്തലിനെയും ആശ്രയിച്ചാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. തീര്‍ത്തും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഒരു ജീവിത ശൈലി. മുളയും തടിയും കൊണ്ടുള്ള നിര്‍മ്മാണവും ചൂലു നിര്‍മ്മാണവുമെല്ലാം ഇവര്‍ വരുമാനത്തിനായി ഉപയോഗിക്കാറുണ്ട്. വിചിത്രമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്. വിസിലിങ് വില്ലേജ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

ഖാസി മലയിടുക്കുകളില്‍ ആണ് കോങ്തോഹ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്നും 53.4 കിലോമീറ്റര്‍ ദൂരം ഇവിടേക്ക് യാത്രയുണ്ട്. ചിറാപുഞ്ചി വഴിയാണെങ്കില്‍ 22 കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിക്കണം. നേരത്തേ വഴികള്‍ വരുന്നതിനു മുന്‍പ് മണിക്കൂറുകള്‍ നടന്നു മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നുള്ളൂ.

ഈ നാട്ടിലാര്‍ക്കും വലിയ പേരുകളൊന്നുമില്ല. സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഓരോ വ്യക്തിക്കും ഓരോ പാട്ടുപേര്. ചിലപ്പോള്‍ നീണ്ടും ചിലപ്പോള്‍ കുറുകിയും വിളിക്കുന്ന ഓരോ പേരുകള്‍. എല്ലായ്പ്പോഴും ഇവിടെ ചൂളംവിളികളുടെയും മൂളിപ്പാട്ടിന്‍റെയും ബഹളം തന്നെയായിരിക്കും.

എല്ലാവര്‍ക്കും പാട്ടുപേര് ആയതുകൊണ്ടുതന്നെ വളരെ രസകരമാണ് ഇവിടെ എത്തിച്ചേര്‍ന്നാല്‍. സ്വന്തമായി ഈണങ്ങളുള്ള ഇവരോട് പേരുചോദിക്കുമ്പോള്‍ ഈ ഈണം പാടി അല്ലെങ്കില്‍ മൂളിക്കേള്‍പ്പിക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വന്തമായി ഇതുപോലെ ഈണമുണ്ട്. ഇവിടുത്തെ എഴുന്നൂറോളം വരുന്ന ആളുകള്‍ക്കും ഇത്തരത്തില്‍ സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഒരിക്കലും ഒരാളുടെ ഈണം മറ്റൊരാള്‍ക്കു കാണില്ല.

ഒരു കുഞ്ഞ് ജനിക്കുന്നതോടുകൂടി അമ്മയാണ് ആ കുഞ്ഞിനായി ഒരു ഈണം തയ്യാറാക്കുന്നത്. അമ്മയുടെ ഹൃദയത്തില്‍ നിന്നുള്ള ഈണമാണിതെന്നാണ് ഇവിടുത്തെ വിശ്വാസം. ഈ ഈണത്തിനായി പ്രകൃതിയെ തന്നെയാണ് ഇവര്‍ ആശ്രിയിക്കുന്നത്. കാറ്റു മൂളുന്നതും അരുവികള്‍ ഒഴുകുന്നതും മഴ പെയ്യുന്നതും ഒക്കെയുള്ല സ്വരങ്ങള്‍ ഇവര്‍ പേരിനായി തിരഞ്ഞെടുക്കാറുണ്ട്.

ഈണത്തെ പിന്തുയരുക എന്നത് പുറത്തുള്ലവര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും പുറത്തുള്ള ആളുകള്‍ക്കായി മറ്റൊരു പേരു കൂടി കാണും. വിളിക്കുവാന്‍ എളുപ്പമുള്ള ഒന്നായിരിക്കും അത്.