കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക് ; ഇനി മനുഷ്യന്റെ കാര്യം ?

 കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക് ; ഇനി മനുഷ്യന്റെ കാര്യം ?

ഡൽഹി: കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ലോകമെമ്പാടും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. റഷ്യയുടെ സ്ഫുട്‌നിക് 5 മാത്രമാണ് ഇതിനകം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന വാക്‌സിനാണ് കോവാക്‌സിന്‍.

കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ. വാക്സിൻ കുത്തിവച്ച ഒരു ഇനം കുരങ്ങുകളിൽ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.  കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക്  അറിയിച്ചത്.

മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂർവ്വം വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം‌.

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവിഷീൽഡിനേക്കാൾ മികച്ച ഫലമാണ് കോവാക്സിൻ മൃ​ഗങ്ങളിൽ പ്രകടിപ്പിച്ചത്. കൊവിഷീൽഡ് വാക്സിൻ നൽകിയ മൃ​ഗങ്ങൾക്ക് വൈറസിന്റെ സാന്നിദ്ധ്യത്തിൽ രോ​ഗം പിടിപെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവർ മാറുന്നതായി കണ്ടെത്തിയിരുന്നു.