‘ലോകത്തിന്റെ വാക്സീൻ തലസ്ഥാനം’! കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ മുന്നേറുന്നതിനിടെ വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞ് ഹൈദരാബാദ് !

ഹൈദരാബാദ് : ലോകമെങ്ങും കൊവിഡ് വാക്‌സിനായുള്ള പോരാട്ടത്തിലാണ്. പരീക്ഷണങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ശ്രദ്ധേയം. ഇന്ത്യയിൽ വാക്സീന്റെ കേന്ദ്രമാണു ‘ലോകത്തിന്റെ വാക്സീൻ തലസ്ഥാനം’ എന്നറിയപ്പെടുന്ന ഹൈദരാബാദ്. കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ അവിശ്രമം മുന്നേറുന്നതിനിടെ ഹൈദരാബാദും വാർത്താ തലക്കെട്ടിൽ നിറയുന്നു.
ആഗോള വാക്സീൻ വിതരണത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്താണു ഹൈദരാബാദ് തലയെടുപ്പോടെ നിൽക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ കോവിഡ് സാധ്യതാ വാക്സീൻ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് 5, ജോൺസൺ ആൻഡ് ജോൺസന്റെ Ad26.Cov2.S, ഫ്ലൂജെന്നിന്റെ കോറോഫ്ലു, സനോഫിയുടെ പരീക്ഷണ വാക്സീൻ തുടങ്ങിയവയ്ക്കെല്ലാം ഹൈദരാബാദ് ബന്ധമുണ്ട്.
ഹൈദരാബാദിലെ വാക്സീൻ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ലോകത്തിന് വാക്സീൻ ഉത്പാദിപ്പിക്കാൻ ഈ നഗരം തന്നെ വേണമെന്നു ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. വരപ്രസാദ് റെഡ്ഡി പറഞ്ഞു.
ഹൈദരാബാദിലെ എല്ലാ വാക്സീൻ കമ്പനികൾക്കും മികച്ച നിർമാണ സാങ്കേതിക വിദ്യയുണ്ടെന്നും നല്ല നിലവാരത്തിൽ ദശലക്ഷക്കണക്കിനു ഡോസുകൾ നിർമിക്കാൻ ശേഷിയുണ്ടെന്നും ഡോ. വരപ്രസാദ് റെഡ്ഡി വ്യക്തമാക്കി.