ബൈക്കില്‍ വന്ന രണ്ടു പേര്‍, ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു; പാഴ്സൽ ആവശ്യപ്പെട്ടു; കുപ്പിയിൽ കള്ളു നിറയ്ക്കുന്നതിനിടെ മാനേജരെ തലയ്ക്കു പുറകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു; ഇവരെ തിരിച്ചറിയാന്‍ പൊതുസമൂഹത്തിന്റെ സഹായം വേണം

തൃശൂർ: തൃശൂർ പേരാമ്പ്ര കള്ളു ഷാപ്പ് മാനേജരെ തലയ്ക്കടിച്ചു വീഴ്ത്തി.അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിയാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടി. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടു. പൊതുസമൂഹത്തിന്റെ സഹായമുണ്ടെങ്കിൽ പ്രതികളെ വേഗം തിരിച്ചറിയാം.
കഴിഞ്ഞ ജൂൺ അഞ്ചിന് രാവിലെ എട്ടു മണിയോടെ ബൈക്കിൽ എത്തിയ രണ്ടു പേരായിരുന്നു അക്രമികൾ. ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു. പാഴ്സൽ വേണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ കള്ളു നിറയ്ക്കുന്നതിനിടെ മാനേജരെ തലയ്ക്കു പുറകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു.
അടിയുടെ ആഘാതത്തിൽ നെറ്റി ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞു. നാൽപതുകാരനായ ഷാപ്പ് മാനേജർക്കു തലയുടെ പുറകിലും മുന്നിലും മുറിവ്. ഒട്ടേറെ തുന്നിക്കെട്ടുകൾ. ദിവസങ്ങൾ നീണ്ട ആശുപത്രി വാസം. രണ്ടു പവന്റെ മാലയാണു തട്ടിയെടുത്തത്. പ്രതികളെ തിരിച്ചറിയാൻ ആവുന്നത്ര പൊലീസ് ശ്രമിച്ചു. സിസിടിവി ക്യാമറകൾ വ്യാപകമായി പരിശോധിച്ചു. പ്രതികളുടെ സൂചന കിട്ടിയില്ല.
തൃശൂർ ആമ്പല്ലൂരിൽ പട്ടാപ്പകൽ തയ്യൽക്കടയിലും അക്രമം നടന്നു. ഇത്തവണ ഒരാൾ മാത്രം. തുണി തയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചു നിൽക്കുന്നതിനിടെ തലയ്ക്കടിച്ചു. ഇരുമ്പ് പൈപ്പ് കൊണ്ടായിരുന്നു അടി. ഇതിന്റെ ആഘാതത്തിൽ തയ്യൽക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ 38കാരി ദിവസങ്ങളോളം വേദന തിന്നു. കഴുത്തിൽ അണിഞ്ഞിരുന്ന ഒരു പവന്റെ മാല നഷ്ടപ്പെട്ടു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവുംപകലും അന്വേഷിച്ചു. പാലിയേക്കര ടോൾപ്ലാസ വഴി മോഷ്ടാക്കൾ കടന്നുപോയിട്ടുണ്ടോയെന്നു പരിശോധിച്ചു. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ ഇല്ല. അക്രമികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കിട്ടി.