ഇട്ടിരിക്കുന്ന ഷർട്ടിൽ പല സ്ഥലത്തായി കീറൽ; ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി !

 ഇട്ടിരിക്കുന്ന ഷർട്ടിൽ പല സ്ഥലത്തായി കീറൽ; ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി !

കോട്ടയം : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്ന കാലം.അന്ന്‌ ഉമ്മൻ ചാണ്ടി കാറിൽ വച്ച് തന്റെ ഷർട്ട് ഊരി വാങ്ങി പൊതുപരിപാടി ഉദ്ഘാടനം ചെയ്ത സംഭവം 74 -ാം വയസ്സിലും വട്ടമല വി.എം. മാത്യുവിനു ചുളിവു വീഴാത്ത ഓർമയാണ്. മാത്യു അന്നു പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്. ഞായറാഴ്ച പതിവുപോലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തി.

കഞ്ഞി മുക്കി തേച്ച ഖദർ ഷർട്ടും മുണ്ടും ധരിച്ച്, പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ മാത്യു ഹാജരുണ്ടായിരുന്നു. സന്ദർശകരെ കണ്ടശേഷം തിരക്കിട്ടു പുറത്തേക്കു പോകാൻ ഇറങ്ങുകയാണ് ഉമ്മൻ ചാണ്ടി.

ഇട്ടിരിക്കുന്ന ഷർട്ടിൽ പല സ്ഥലത്തായി കീറൽ. ഈ ഷർട്ടുമിട്ടാണോ പുറത്തു പോകുന്നതെന്നു ചോദിച്ച മാത്യുവിനോട് കാറിൽ ഒപ്പം കയറാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. അന്ന് അടൂർ എംഎൽഎയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടിക്കാണ് ഉമ്മൻ ചാണ്ടിയുടെ യാത്ര.

യാത്രയ്ക്കിടയിൽ ഷർട്ട് ഊരിത്തരാൻ മാത്യുവിനോട് ഉമ്മൻ ചാണ്ടിയുടെ സ്നേഹാഭ്യർഥന. മാത്യു ഷർട്ട് ഊരിക്കൊടുത്തു. ഉമ്മൻ ചാണ്ടി സ്വന്തം ഷർട്ട് മാത്യുവിനും കൊടുത്തു. തിരികെ വരുന്ന വഴി മാത്യുവിനെ കുഴിമറ്റത്തെ വീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം തന്റെ ഷർട്ട് അലക്കിത്തേച്ച് തിരികെ വീട്ടിൽ എത്തിച്ചു. നേതാവിട്ട കുപ്പായം ഏറെക്കാലം സൂക്ഷിച്ചിരുന്നതായി മാത്യു..