അങ്ങനെ ‘കൂത്താട്ടക്കളം’ കൂത്താട്ടുകുളമായി! ആ കഥ ഇങ്ങനെയത്രെ !

ഓരോ പ്രദേശങ്ങളുടെയും നിലവിലുള്ള പേരുകളുമായി ബന്ധപ്പെടുത്തി രസകരമായ കഥകൾ ഉണ്ടാകാറുണ്ട് .കൂത്താട്ടുകുളത്തിന്റെ പേരിൽ ഉള്ള ഒരു കഥ ആണിത് , ഒരിക്കൽ ഒരു സ്ത്രി ഒറ്റപ്പെട്ട ഒരു കുന്നിൻ മുകുളിൽ കുഴി കുഴിച്ചപ്പോൾ , അപരിചിതമായ ഒരു വിഗ്രഹത്തിന്റെ തലയിൽ അവളുടെ ആയുധം കൊള്ളുന്നു .
ഉടൻതന്നെ, ആ പ്രതിമയുടെ തലയിൽ നിന്ന് രക്തം ചീന്താൻ തുടങ്ങി, ഇതു കണ്ട സ്ത്രീ ഭയന്നു വിറക്കുകയും അത് അവളുടെ മാനസികനിലയെ അസ്വസ്ഥനാക്കി, സമതല നഷ്ടപെട്ട അവൾ നാടുനീളെ കൂത്താടി നടുന്നു . അങ്ങനെ ‘കൂത്താട്ടക്കളം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. വിഗ്രഹത്തിന്റെ രക്തം ചിതറിപ്പോയ സ്ഥലത്തിനു ചോരകുഴി എന്ന് അറിയപ്പെടാൻ തുടങ്ങി.
ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്.
1750 ൽ മാർത്താണ്ഡവർമ്മ ഈ മേഖലയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി. അതുവരെ വടക്കുംകൂർ എന്ന ചെറിയ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു കൂത്താട്ടുകുളം. വടക്കുംകൂർ രാജാക്കന്മാർ തലസ്ഥാനം എപ്പോഴും മാറുന്ന പതിവുണ്ടായിരുന്നു. വൈക്കവും കടുത്തുരുത്തിയും ഒരു ഘട്ടത്തിൽ വടക്കുംകൂറിൻറെ തലസ്ഥാനമായിരുന്നു. മാർത്താണ്ഡ വർമ്മ വടക്കുംകൂർ കീഴ്പ്പെടുത്തുമ്പോൾ ഏറ്റുമാനൂരായിരുന്നു വടക്കുംകൂറിന്റെ തലസ്ഥാനം.
നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തിയ മാർത്താണ്ഡ വർമ്മയുടെ പടയോട്ടത്തിൽ രക്തരഹിത അധികാര കൈമാറ്റം നടന്നത് വടക്കുംകൂർ രാജ്യത്തായിരുന്നു. ഇതിന് വേദിയായത് കൂത്താട്ടുകുളമായിരുന്നു. താരതമ്യേന ദുർബലമായിരുന്നു വടക്കുംകൂർ സൈന്യം. തിരുവിതാംകൂറിൻറെ സേനയുമായി ഏറ്റുമുട്ടാനുള്ള ശേഷി വടക്കുംകൂർ സൈന്യത്തിന് ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ സൈന്യത്തെ വടക്കുംകൂറിലേക്ക് നയിച്ചത് രാമയ്യൻ ദളവയായിരുന്നു.
മാർത്താണ്ഡവർമ്മയുടെ ഏറ്റവും വലിയ വിശ്വസ്തൻ. വടക്കുംകൂർ രാജാവിൻറെ സഹോദരൻ ചതിയിലൂടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി രാജ്യം തിരുവിതാംകൂറിന് അടിയറവ് വക്കുകയായിരുന്നു. ഈ നീക്കങ്ങൾ നടന്നത് കൂത്താട്ടുകുളത്തുവെച്ചായിരുന്നു. ഇതിനായി തിരുവിതാംകൂർ സൈന്യം രാമയ്യൻറെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് തമ്പടിച്ചുവെന്ന് ട്രാവൻകൂർ ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
പ്രാണ രക്ഷാർത്ഥം വടക്കുംകൂർ രാജാവ് കോഴിക്കോട് സാമൂതിരിയുടെ അടുക്കൽ അഭയം തേടുകയായിരുന്നു. കുരുമുളകിൻറെ പ്രധാന ഉത്പാദന കേന്ദ്രമായിരുന്നു അക്കാലത്ത് കൂത്താട്ടുകുളം. വടക്കുംകൂറിൻറെ പ്രധാന വരുമാനവും ഡച്ചുകാരുമായുള്ള കുരുമുളക് വ്യാപാരത്തിലൂടെ ലഭിക്കുന്ന ധനമായിരുന്നു. തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായ ശേഷവും ഈ വ്യാപാരം തുടർന്നു. അക്കാലത്ത് നിരവധി കുരുമുളക് സംഭരണ കേന്ദ്രങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു.
ഈ കാലഘട്ടത്തിലാണ് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യൻ ദളവ പുതുക്കി പണിതത് എന്നാണ് ചരിത്രം. വടക്കുംകൂർ രാജാവിൻറെ കീഴിലെ ക്ഷേത്രമായിരുന്നു ഇത്. രാജാവിനോട് ചെയ്ത തെറ്റിൻറെ പ്രയശ്ചിത്തം കൂടിയായാണ് തിരുവിതാംകൂർ കൊട്ടാരം ഈ ക്ഷേത്രം പുതുക്കി പണിതത്. ശുചീന്ദ്രത്തേയും പത്മനാഭ പുരത്തേയും ശില്പികളാണ് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഈ ക്ഷേത്രം നിർമ്മിച്ചത്.
വടക്കുംകൂറിൻറെ ഭാഗമായ വൈക്കം, കടുത്തുരുത്തി മഹാദേവ ക്ഷേത്രങ്ങൾ പുതുക്കി പണിതും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനയെ സമർപ്പിച്ചും തിരുവിതാംകൂർ രാജവംശം വടക്കുംകൂറിനോട് പ്രായശ്ചിത്വം ചെയ്തുവെന്ന് ചരിത്രകാരന്മാർ കുറിച്ചിട്ടുണ്ട്. രാജാവിനെ ചതിച്ച് വീഴ്ത്തിയ കൂത്താട്ടുകുളത്ത് മഹാദേവ ക്ഷേത്രം മികച്ച രീതിയിൽ രാമയ്യൻ ദളവ നിർമ്മിച്ചതും ഇതിൻറെ ഭാഗമായാണ്.
തുടർന്ന് ശുചീന്ദ്രത്തെ തമ്പിമാരെയാണ് ഈ ക്ഷേത്ര ഭരണം ദളവ ഏൽപ്പിച്ചു. പിന്നീട് ചേന്നാസ് നമ്പൂതിരി, വേങ്ങച്ചേരി മൂത്തത്, ആമ്പക്കാട്ട് പണിക്കർ എന്നിവർക്ക് ക്ഷേത്ര ഊരായ്മ അവകാശം നൽകി. രാമയ്യൻറെ ആസ്ഥാനമായിരുന്ന മാവേലിക്കരയിലെ അത്തിമൺ എന്ന പോറ്റി കുടുംബത്തിലെ അംഗങ്ങളെ ക്ഷേത്ര കീഴ് ശാന്തി ചുമതലയും ഏൽപ്പിച്ചുവെന്നും തിരുവിതാംകൂർ രേഖകളിലുണ്ട്.
മാർത്താണ്ഡ വർമ്മയുടെ കാലഘട്ടം മുതൽ തിരുവിതാംകൂറിലെ കാർഷിക വ്യാപാര കേന്ദ്രമായാണ് കൂത്താട്ടുകുളം അറിയപ്പെട്ടത്. തുടർന്ന് കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഇവിടെ നിരവധി ഒാഫീസുകളും തുടങ്ങി.
നികുതി പിരിവിനും പരിശോധനക്കും അധികാരപ്പെട്ട കേന്ദ്രങ്ങളും ചെക്പോസ്റ്റും കൂത്താട്ടുകുളത്ത് തുടങ്ങി. കൂത്താട്ടുകുളത്തെ രാമവർമ്മ പുരം എന്നു കൂടി അക്കാലത്തെ രേഖകളിൽ വിളിക്കുന്നുണ്ട്. ഇന്നും കൂത്താട്ടുകുളം ചന്തയുടെ രേഖകളിലെ പേര് രാമവർമ്മപുരം എന്നാണ്