‘ മോഷണം പോയ വണ്ടി ഇത്തരത്തിൽ മറ്റൊരാൾക്കും തിരികെ കിട്ടിക്കാണില്ല’; ഭാഗ്യം വാഹനാപകടത്തിന്റെ രൂപത്തിൽ കടാക്ഷിച്ച കഥ

 ‘ മോഷണം പോയ വണ്ടി ഇത്തരത്തിൽ മറ്റൊരാൾക്കും തിരികെ കിട്ടിക്കാണില്ല’; ഭാഗ്യം വാഹനാപകടത്തിന്റെ രൂപത്തിൽ കടാക്ഷിച്ച കഥ

കോട്ടയം: ‘ കെഎസ്ആര്‍ടിസി ഡ്രൈവറായ ബിജു അനീസ് സേവ്യറിന് ഒരു അത്യപൂര്‍വ്വ കഥയാണ് പറയാനുള്ളത്. രാവിലെ ജോലിക്ക് എത്തിയ ബൈക്ക് മോഷണം പോയതറിയാതെയാണ് ബിജു ബസ് ഓടിച്ചത്. വ്യാഴാഴ്ച രാവിലെ 6.30ന് ബൈക്കിലാണ് മാഞ്ഞൂർ സ്വദേശി ബിജു കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ജോലിക്കെത്തിയത്. ജീവനക്കാരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തു ബൈക്ക് വച്ചിട്ട് ഡ്യൂട്ടിക്കു പോയി.

എറണാകുളത്തേക്കും തിരുവല്ലയിലേക്കും സർവീസ് നടത്തിയതിനുശേഷം ഉച്ചയ്ക്കു കോട്ടയത്തെത്തിയപ്പോൾ പാർക്കു ചെയ്തിരുന്ന സ്ഥലത്തു ബൈക്ക് കാണാനില്ല. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് 4.15നു എറണാകുളത്തേക്കുള്ള ബസിൽ വീണ്ടും ഡ്രൈവറായി പോയി.

6.30ന് ഉദയംപേരൂർ ഭാഗത്തു വച്ചു യാത്രക്കാരൻ കൈകാണിച്ചതിനെത്തുടർന്നു ബസ് നിർത്തിയപ്പോൾ പിന്നിൽ വന്ന് ഒരു ബൈക്കിടിച്ചു. ബൈക്കിന്റെ മുൻഭാഗം ചളുങ്ങിയിട്ടും ഓടിച്ചിരുന്നയാൾ പറഞ്ഞു.. ഒരു പരാതിയുമില്ല, പൊയ്ക്കോളാം. പരാതിയില്ലെന്ന് എഴുതി വാങ്ങിയിട്ടു വിട്ടാൽ മതിയെന്നു ബിജു കണ്ടക്ടറോടു പറഞ്ഞു.

ഇതിനിടെ റോഡിൽ മറിഞ്ഞു കിടന്ന ബൈക്ക് നാട്ടുകാർ ഉയർത്തിയപ്പോഴാണ് ബിജുവിനു മനസ്സിലായത് – ഇത് തന്റെ ബൈക്കാണ് ! കള്ളത്താക്കോലിട്ടു വണ്ടി തുറന്നായിരുന്നു മോഷണം.

കയ്യിലുണ്ടായിരുന്ന ഒറിജിനൽ താക്കോലും ആർസി ബുക്കും ബിജു കാണിച്ചുകൊടുത്തതോടെ മോഷ്ടാവിനെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷണക്കേസിലെ തൊണ്ടിമുതലായതിനാൽ ബൈക്ക് തിരികെ ലഭിക്കാൻ ബിജുവിന് അൽപം കൂടി കാത്തിരിക്കണം.